ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിർണായക ഘട്ടത്തിൽ. മണ്ണുമാറ്റൽ ഊർജിതമായി പുരോഗമിക്കുകയാണ്. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്. അർജുനുണ്ടായിരുന്ന വണ്ടിയുടെ വാലോ തുമ്പോ കിട്ടി കഴിഞ്ഞാൽ ബാക്കി എത്ര മണ്ണുണ്ടെങ്കിലും മാറ്റാമെന്ന് അദ്ദേഹം പ്രതികരിച്ചു. മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ക്കാലം ഇപ്പോഴുള്ള മെഷീനുകള്‍ മതി. ജിപിആർ സിഗ്നൽ കാണിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്. റോഡിലെ കർവ് ലൈനിനിന്ന് അകത്തേക്ക് ലോറി പാർക്ക് ചെയ്തിരിക്കാനാണ് സാധ്യത. ഒരു കാരണവശാലും ലോറി നദിയിലേക്ക് പോയിട്ടില്ലെന്നും നേവിയും എൻ.ഡി.ആർ.എഫും ഇക്കാര്യം ശരിവെക്കുന്നുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. ‘പ്ലാൻ എ ഇപ്പോൾ നടപ്പാക്കുകയാണ്. അതല്ലെങ്കിൽ പ്ലാൻ ബിയിലേക്കോ സിയിലേക്കോ കടക്കും. സൈന്യമെത്തിയാൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകും’, അദ്ദേഹം പറഞ്ഞു.
ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് പത്തുമണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. അത് അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിക്കാൻ സാധിട്ടില്ല. എന്നിരുന്നാലും അതിനൊരു സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ വിലയിരുത്തല്‍.