തിരുവനന്തപുരം ; മാറനല്ലൂരിൽ പോലീസുകാരന്റെ പേരെഴുതിവച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അജയകുമാറിനെ കരയോഗം ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാകുറിപ്പെഴുതി വച്ചത്. തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ കാരണമായി എഴുതിയിരുന്നത്. എന്നാൽ, ഈ ഒരു വരിയിൽ ഒതുങ്ങുന്നതല്ല സന്ദീപ് ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.
വസ്തുതർക്കത്തിൽ സന്ദീപും അച്ഛനും ചേർന്ന് അജയകുമാറിനെ മർദ്ദിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയിയതിന്റെ വൈരാഗ്യത്തിൽ സന്ദീപ് മറ്റൊരു പരാതി നൽകുകയായിരുന്നു. സന്ദീപിന്റെ അമ്മയെ അജയകുമാർ മർദിച്ചു എന്ന പരാതിയിൽ വധ ശ്രമം, പീഡനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് മാറനല്ലൂർ പോലീസ് കേസ് എടുത്തു. അജയകുമാറിന്റെ ഭാര്യ ചിത്ര ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ പീഡനവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിന്ന് ഒഴിവാക്കി.
എന്നാൽ, പീഡന കേസിലെ പ്രതിയെന്ന് സന്ദീപ്, അജയകുമാറിനെ അധിഷേപിച്ചതും മാനസികമായി തളർത്തിയതുമാണ് ആത്മഹത്യക്ക് പുറകിലെന്ന് കുടുംബം ആരോപിച്ചു. മാറനല്ലൂർ പോലീസ് സന്ദീപിനെതിരായ പരാതിയിൽ കേസ് എടുക്കാതെയും വീട്ടിൽ നിരന്തരമായി കയറി ഉപദ്രവിച്ചതായും അവർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് മാറനല്ലൂർ പോലീസ് തീരുമാനിച്ചിട്ടുണ്ട്.