ആലപ്പുഴ : ചേർത്തലക്കാർക്കു വണ്ടികളുടെ ഡോക്ടറാണ് 74കാരനായ പള്ളിക്കശ്ശേരിയിൽ ചന്ദ്രശേഖരൻ. അരനൂറ്റാണ്ടായി വണ്ടികളുടെ ഉള്ളറിയുന്ന അദ്ദേഹത്തിനിഷ്ടം ഇറക്കുമതിചെയ്ത പഴയകാല വാഹനങ്ങളും. ലോകത്തിലെതന്നെ കുഞ്ഞൻകാറിന്റെ ഗണത്തിൽപ്പെടുന്നതുൾപ്പെടെ പത്തുവണ്ടികൾ അദ്ദേഹത്തിനുണ്ട്. 1959-ൽ ഇറ്റലിയിൽ നിർമിച്ച ഫിയറ്റ് 600 ആണ് ഇക്കൂട്ടത്തിലെ താരം. 650 കിലോമാത്രം ഭാരമുള്ള നാലുസീറ്റുള്ള കാർ ലോകത്തിലെതന്നെ ചെറിയകാറുകളുടെ പട്ടികയിലുള്ളതാണ്.
മെക്കാനിക്കായ ചന്ദ്രശേഖരൻ 1985-ൽ പുണെയിൽ ജോലി ചെയ്യുമ്പോഴാണ് ഒരുവീട്ടിൽ ഈ കാർ പൊടിപിടിച്ചുകിടക്കുന്നതു കണ്ടത്. 20,000 രൂപ നൽകിയാണ് അന്നതു സ്വന്തമാക്കിയത്. വീട്ടിലെത്തിച്ചശേഷം ഓടിച്ചില്ലെങ്കിലും 22 വർഷം നികുതിയും ഇൻഷുറൻസും കൃത്യമായി അടച്ചു. കഴിഞ്ഞമാസം വീണ്ടും കണ്ടീഷനാക്കി ടെസ്റ്റു നടത്തി ഓടിക്കാൻ തയ്യാറാക്കി. ഷാർജയിൽ നിന്നെത്തിയ രണ്ട് സിലിൻഡർ ബൈക്ക് ഹോണ്ട ബെല്ലിയാണു മറ്റൊന്ന്. 15 വർഷം മുൻപാണ് ഇതുകൂടെയെത്തിയത്. ഇറ്റലിയിൽനിന്നെത്തിയ 1958 മോഡൽ ലാംബ്രട്ട എൽ.ഡി. പത്തുവർഷം മുമ്പാണു വാങ്ങിയത്. 1965-ലാണ് ബൈക്കുകളിലെ രാജകുമാരനായ ഇറ്റലിയിലെ മോട്ടോ ഗൂറ്റ്സി കൂടെക്കൂടിയത്.
റോമിൽപ്പോയ വൈദികൻ ഫാ. മാർഷൽ പാര്യത്തിൽ നിന്നാണ് ഗൂറ്റ്സി വാങ്ങിയത്. ഇപ്പോഴും നിറത്തിലും പകിട്ടിലും ഇവൻ താരം തന്നെ. 1992ലാണ് ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതിചെയ്ത റോയൽ എൻഫീൽഡ് എറണാകുളത്തുനിന്നു വാങ്ങിയത്. ആഡംബരക്കാർ നിർമ്മാതാക്കളായ ഔഡി 1959-ൽ ഇറക്കിയ ഇരുചക്രവാഹനമായ എൻ.എസ്.യു. ക്യുക്കിലിയും കൂട്ടത്തിലുണ്ട്. 1947-ൽ ബ്രിട്ടീഷ് പട്ടാളക്കാരുടെ അഭിമാനമായ ബുള്ളറ്റു ഗണത്തിൽപ്പെടുന്ന മാച്ചിലസും ശേഖരത്തിലുണ്ട്. ചേർത്തല കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു സമീപം 1990-ൽ വർക്ക്‌ഷോപ്പ് തുടങ്ങിയതോടെ മകൻ പ്രദീപ്കുമാറും ചന്ദ്രശേഖരനോടൊപ്പമുണ്ട്.