തൃശ്ശൂര്‍ : കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രം തൃശ്ശൂരില്‍ ആണെന്ന് പറയാം. ഇവിടെയുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കുറി കമ്പനികള്‍ മറ്റൊരു ജില്ലയിലും കാണുവാന്‍ കഴിയില്ല. കൂടാതെ ഏതു മുക്കിലും മൂലയിലും NBFC കളും നിധി കമ്പനികളും കേരളാ മണി ലെണ്ടിംഗ് സ്ഥാപനങ്ങളും കാണാം, ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികളും സര്‍വസാധാരണമായി കഴിഞ്ഞു. ഓഫീസ് തുറന്നുകഴിഞ്ഞാല്‍ പിന്നെ ലക്‌ഷ്യം കേരളത്തിലും പുറത്തും പരമാവധി ബ്രാഞ്ചുകള്‍ തുറക്കുക എന്നതാണ്. ബുദ്ധിയും അതിബുദ്ധിയും കൈമുതലായുള്ള ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഉം കട്ടക്ക് നില്‍ക്കുന്ന ഒരു കമ്പനി സെക്രട്ടറിയും കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ മുറപോലെ നടക്കും. എന്നാല്‍ എല്ലാം നോക്കിനടത്തുവാനുള്ള പ്രാപ്തി പല കമ്പനി മുതലാളിമാര്‍ക്കുമില്ല, തന്നെയുമല്ല അതിനുള്ള സമയവും ഇവര്‍ക്ക് ഉണ്ടാകില്ല. കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയില്‍ പെട്ടെന്ന് ആധിപത്യം സ്ഥാപിച്ചെടുക്കുവാന്‍ ഇതുമൂലം പലര്‍ക്കും കഴിയില്ല. ഇതിനുവേണ്ടിയാണ് ഒരു ജനറല്‍ മാനേജരോ അല്ലെങ്കില്‍ ഒരു CEO യോ കമ്പനി നിയമിക്കുന്നത്. ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപവരെയാണ് ഇവരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്.
ജനറല്‍ മാനേജര്‍ ചുമതല ഏറ്റെടുത്താല്‍ പിന്നെ ഇദ്ദേഹമായിരിക്കും കമ്പനി നോക്കി നടത്തുക. ചെയര്‍മാന്റെ ഏറ്റവും വേണ്ടപ്പെട്ടയാള്‍, വിശ്വസ്തന്‍ എന്നൊക്കെയായിരിക്കും ഇതിന്റെ പര്യായങ്ങള്‍. രാഷ്ട്രീയവും പൊതു പ്രവര്‍ത്തനവും മറ്റു പല രഹസ്യ – പരസ്യ ബിസിനസ്സുകളുമൊക്കെയായി സദാ ഊരു ചുറ്റുന്ന മുതലാളി ഓഫീസില്‍ എത്തുന്നത് വല്ലപ്പോഴുമായിരിക്കും. കൃത്യമായി പറഞ്ഞാല്‍ ജീവനക്കാരുടെ മേലോ പുതിയ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലോ പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്ന കാര്യത്തിലോ കമ്പനി ചെയര്‍മാന് വലിയ റോളുകള്‍ ഒന്നും ഉണ്ടാകാറില്ല. എല്ലാം ജനറല്‍ മാനേജരാണ് നിയന്ത്രിക്കുന്നതും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. ചില കാര്യങ്ങള്‍ ചെയര്‍മാനോട് ആലോചിക്കുമെങ്കിലും അതൊക്കെ പരാതിക്ക് ഇടനല്കാതിരിക്കാന്‍വേണ്ടി മാത്രമായിരിക്കും. നിക്ഷേപകരുമായി അടുത്ത ബന്ധവും സൗഹൃദവും ഇവര്‍ക്കുണ്ടാകും. കമ്പനി ഉടമയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കുവാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കും. ചുരുക്കത്തില്‍ കമ്പനിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാളായിരിക്കും GM.
കമ്പനിയിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ കണക്കും അതുവരുന്ന വഴികളും ചെയര്‍മാന്റെ ആഡംബര ജീവിതവും കണ്ടുനില്‍ക്കാന്‍ പലര്‍ക്കും ഏറെനാള്‍ കഴിയില്ല. എന്തുകൊണ്ട് തനിക്കും ഇതായിക്കൂടാ….എന്ന് ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. അങ്ങനെ അവിടെ ജോലിയില്‍ ഇരുന്നുകൊണ്ടുതന്നെ ഇയാള്‍ രഹസ്യമായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യും. ഏതാനും നാളുകള്‍ കഴിയുമ്പോള്‍ തനിക്ക് അന്നം തന്ന മുതലാളിയോട് ഗുഡ് ബൈ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇയാള്‍ ഒറ്റക്കായിരിക്കില്ല, താന്‍ നിയമിച്ചവരും വിശ്വസ്തരുമായ ഒരുപറ്റം ജീവനക്കാരെയും ഇയാള്‍ കൂടെ കൂട്ടിയിരിക്കും. ജീവനക്കാര്‍ വരുന്നത് വെറും കയ്യോടെ ആയിരിക്കില്ല, ഇന്നലെവരെ തങ്ങള്‍ ജോലി ചെയ്ത കമ്പനിയിലുള്ള കോടികളുടെ നിക്ഷേപങ്ങളും ഇവരോടൊപ്പം ഉണ്ടാകും. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെയും തങ്ങള്‍ ക്യാന്‍വാസ് ചെയ്തതുമായ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ച് ഇവര്‍ പുതിയ ലാവണത്തില്‍ എത്തിച്ചിരിക്കും. കൂടാതെ ജോലി ചെയ്ത കമ്പനിയില്‍ ഉണ്ടായിരുന്ന രഹസ്യ രേഖകളും ഡാറ്റകളും ഇവര്‍ കൈയ്ക്കലാക്കിയിരിക്കും. കേവലം ഒരാഴ്ചത്തെ ഇടവേളയില്‍ പുതിയ ഓഫീസും പുത്തന്‍ കമ്പനിയും പുതിയ ജോലിയും, മാത്രമല്ല തങ്ങളെ പൊന്നുപോലെ കരുതുന്ന തങ്ങളില്‍ ഒരാളായ കമ്പനി മുതലാളിയും. ഇതില്‍ കൂടുതല്‍ എന്താണ് ജീവനക്കാര്‍ക്ക് വേണ്ടത്. കേരളത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പെറ്റ് പെരുകുന്നതിന്റെ പിന്നിലുള്ള രഹസ്യവും ഇതൊക്കെത്തന്നെയാണ്.
ജനറല്‍ മാനേജര്‍ക്കൊപ്പം ഒരുപറ്റം ജീവനക്കാരും അവരുടെ പ്രലോഭനങ്ങളില്‍ എത്തിയ കോടികളുടെ നിക്ഷേപവും പെട്ടെന്ന് നഷ്ടപ്പെടുമ്പോള്‍ ഏതു സ്ഥാപനവും പ്രതിസന്ധിയിലാകും. ഇക്കാര്യം പുറത്ത് അറിയുന്നതോടെ മറ്റുള്ള നിക്ഷേപകരും തങ്ങളുടെ പണം പിന്‍വലിക്കാന്‍ എത്തും. ഇതോടെ സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. തൃശൂരിലെ മെല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളിലും നടന്നത് സമാനമായ സംഭവമാണ്. >>> പരമ്പര തുടരും. സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]