തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് വി. മുരളീധരൻ. മന്ത്രിമാരായ വി. ശിവൻകുട്ടിയുടെയും പി. പ്രസാദിന്റെയും എതിർപ്പ് കൊടിയുടെ നിറത്തോടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബ എന്ന സങ്കല്പത്തോടാണ് അവർക്ക് പ്രശ്‌നം. മുൻപ് നിയമസഭയിൽ വി. ശിവൻകുട്ടി നടത്തിയ പ്രകടനം ഭരണഘടനയോട് കാണിച്ച പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്ഭവനിൽ നടന്ന പരിപാടികളിൽ ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയത് ചൈന ചങ്കിലുള്ളവർക്ക് ഇഷ്ടമായില്ല. ഗവർണറുടെ ചങ്കിൽ ഇന്ത്യയാണ്. കേരളത്തിലെ രണ്ട് മന്ത്രിമാർ നടത്തിയത് കോപ്രായങ്ങളാണ്. തങ്ങൾക്ക് പരിചയമില്ലാത്ത സ്ത്രീയുടെ ചിത്രത്തിൽ പുഷ്പാർച്ച നടത്തി എന്നാണ് അവർ പറഞ്ഞത്. സ്ത്രീയോടാണ് ഇവർക്ക് വൈരാഗ്യം. കൊടിയുടെ നിറത്തിലല്ല അവരുടെ തർക്കം, ഭാരതാംബ എന്ന സങ്കല്പത്തോടാണ്.
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി സ്‌കൂളിൽ പോയിട്ടുണ്ടോ എന്നറിയില്ല. എസ്എഫ്‌ഐ വിദ്യാർഥികൾ എങ്ങനെയാണ് പരീക്ഷ പാസാക്കുന്നതെന്ന് അറിയാമല്ലോ എന്നും മുരളീധരൻ പരിഹസിച്ചു. ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരാണ് എന്നാണ് ഇവർ പറയുന്നത്. നിയമസഭ ഭരണഘടനയുടെ ഭാഗമല്ലേ. അവിടെ ഇവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. ഭരണഘടനയുടെ ഏത് വകുപ്പിലാണ് നിയമസഭ തല്ലിപ്പൊളിക്കാൻ പറയുന്നത് എന്ന് ആരെങ്കിലും ചോദിച്ചോ. രാജ്ഭവനിൽ മന്ത്രി വൈകിവരുന്നതും ദേശീയഗാനം കഴിയുന്നതിനു മുൻപ് ഇറങ്ങിപ്പോകുന്നതും അവഹേളനം അല്ലേയെന്നും മുരളീധരൻ ചോദിച്ചു. ദേശീയപതാക മാറ്റി കാവിക്കൊടി ആക്കണം എന്ന ബിജെപി നേതാവിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.