തിരുവല്ല : കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴപെയ്തതോടെ ഇത്തവണയും കൃഷി നഷ്ടമാകുമോയെന്ന ആശങ്കയിൽ അപ്പർകുട്ടനാട്. കൃഷിക്കൊരുക്കിയ പാടങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. വേങ്ങൽ, കൈപ്പുഴാക്ക, കരിഞ്ചെമ്പ് തുടങ്ങിയ വലിയ പാടശേഖരങ്ങളിൽ അടക്കം വിതയിറക്കിയിട്ടില്ല. വിതക്കാൻ പാകത്തിൽ ഇവിടെ നിലം ഒരുക്കിയിരുന്നു. നവംബർ നാലിന് വേങ്ങലിൽ വിതയ്ക്കാൻ കർഷകർ തീരുമാനിച്ചെങ്കിലും ആദ്യം തയ്യാറാക്കിയ വിത്ത് മുളക്കാതിരുന്നത് പ്രതിസന്ധിയായി. വെള്ളം അധികം കെട്ടിനിൽക്കുന്ന പാടത്ത് വിതച്ചാൽ വിത്തിന്റെ കണ്ണടഞ്ഞ് ചീഞ്ഞ്‌പോകാനുളള സാധ്യതയുണ്ട്.
140 ദിവസം വിളവ് വേണ്ട ഉമ വിത്താണ് ഇവിടെയെല്ലാം വിതയ്ക്കുന്നത്. നവംബർ ആദ്യം വിതച്ചാൽ മാർച്ച് അവസാനത്തോടെ കൊയ്ത്ത് നടത്തുകയെന്ന ലക്ഷ്യമാണ് കർഷകർക്ക് ഉണ്ടായിരുന്നത്. വേനൽമഴയെത്തുംമുമ്പ് കരയേറാമെന്നുളള കണക്കുകൂട്ടലായിരുന്നു ഇത്. എന്നാൽ തുലാവർഷം കനത്താൽ വിത ഡിസംബർ ആദ്യംവരേക്ക് നീളാനുളള സാധ്യതയുണ്ട്. ഇത് ഏപ്രിൽ മാസത്തേക്ക് വിളവെടുപ്പ് നീട്ടും. വേനൽമഴ തകർക്കുന്ന സമയമാണിത്. നെൽക്കതിരുകൾ കാറ്റിൽ വീഴാനും വെള്ളത്തിൽ കിളിർക്കാനുമുള്ള സാധ്യതയേറും. വിളനഷ്ടവും കൊയ്ത്ത്‌ചെലവ് ഏറുന്നതുമായിരിക്കും ഫലം.