തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനാണ് മാസപ്പടിയിലെ കുറ്റവാളിയെന്ന് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്താമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കർ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത്. സ്പീക്കർ മുഖ്യമന്ത്രിക്ക് കവചം തീർക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിട്ടാണ് സ്പീക്കർ പെരുമാറിയത്. സ്പീക്കർ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.
“2004-ൽ കരിമണലിനുള്ള പാട്ടക്കരാർ സി.എം.ആർ.എല്ലിന് ലഭിച്ചു. അത് ഉടൻ തന്നെ റദ്ദാക്കി. തുടർന്ന് സി.എം.ആർ.എല്ലിന് അനുകൂലമായി ഹൈക്കോടതി വിധിയും വന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയി. 2016 ഡിസംബർ മുതൽ വീണയ്ക്ക് മാസപ്പടി വന്നുതുടങ്ങി. കരിമണൽ ഖനനത്തിന് പാട്ടക്കരാർ ലഭിക്കുന്നതിനായിരുന്നു ഇത്. 2018-ൽ വ്യവസായ നയം ഭേദഗതി ചെയ്തു. ഇത് സി.എം.ആർ.എല്ലിന് കരാർ അനുവദിച്ചുകൊടുക്കാൻ വേണ്ടിയുള്ള ഭേദഗതിയായിരുന്നു. ഭേദഗതിയുടെ ഇംഗ്ലീഷ്, മലയാളം രൂപങ്ങളിൽ വൈരുധ്യമുണ്ട്” സി.എം.ആർ.എൽ മാസപ്പടി നൽകിയത് കരിമണൽ ഖനനത്തിനാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.