ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗോണ്ടയിലെ വസീർഗഞ്ച് പോലീസ് സ്റ്റേഷന്റെ പരിസരത്ത് വീഡിയോ റീൽ ചിത്രീകരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി റീൽ ചിത്രീകരിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസിന്റെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുകയാണ്. അറസ്റ്റ് ചെയ്യാൻ തക്കതായ എന്ത് ക്രിമിനൽ കുറ്റമാണ് യുവാക്കൾ ചെയ്തത് എന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഒരു വിഭാഗം ചോദിക്കുന്നത്. യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് തന്നെയാണ് പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്.
പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചതിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പോസ്റ്റ്. ഉത്തർപ്രദേശിലെ വസീർഗഞ്ച് പോലീസ് സ്റ്റേഷനിലാണ് സംഭവം. യുവാക്കൾ ചിത്രീകരിക്കാൻ ശ്രമിച്ച വീഡിയോയുടെ ആദ്യഭാഗവും പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ പോലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി ഒരു യുവാവ് സെൽഫി ക്യാമറ പിടിച്ചുനിൽക്കുന്നതും മറ്റൊരാൾ അയാൾക്ക് അരികിലേക്ക് നടന്നുവരുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്രിമിനൽ കുറ്റവാളികളെ പോലെ അറസ്റ്റിലായ യുവാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.