ഡല്‍ഹി: കോടതിയില്‍ വീണ്ടും തിരിച്ചടി നേരിട്ട് പതഞ്ജലി ആയുര്‍വേദ് സ്ഥാപകന്‍ ബാബാ രാംദേവ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരാണ് കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്ഇടക്കാല ഉത്തരവ്. പതഞ്ജലിയുടെ ‘കൊറോനില്‍’ എന്ന ഉത്പന്നത്തെ കോവിഡിന്റെ മരുന്നെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാംദേവ് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്.
ഡോക്ടര്‍മാര്‍ക്കെതിരായ പരാമര്‍ശമുള്ള ട്വീറ്റുകള്‍ മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് അനുപ് ജയ്‌റാം ഭംഭാനി നിര്‍ദേശിച്ചു. ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ അവ നീക്കം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് രാംദേവിനേയും കൂട്ടാളി ആചാര്യ ബാലകൃഷ്ണയേയും പതഞ്ജലി ആയുര്‍വേദിനേയും കോടതി വിലക്കി.