ഡല്‍ഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടണ്‍ സ്വർണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലില്‍ ഒരു ഭാഗമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്വർണം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്ക് പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണം ഉണ്ട്. ഇതില്‍ 413.8 ടണ്‍ സ്വർണം വിദേശ രാജ്യങ്ങളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടണ്‍ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.
പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വർണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ ആണ്. ബാങ്ക് ഓഫ് ഇംഗ്‌ളണ്ടില്‍ സൂക്ഷിച്ചിരുന്നതില്‍ നിന്ന് 100 ടണ്‍ സ്വർണവും ആണ് ഇന്ത്യയില്‍ എത്തിച്ചത്. മാര്‍ച്ച് മാസം ആണ് ലണ്ടനില്‍ നിന്ന് സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന പ്ലാനിങ് ആണ് സ്വർണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചാണ് സ്വര്‍ണം എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ കനത്ത സുരക്ഷയില്‍ എത്തിച്ച സ്വര്‍ണം മുംബൈയിലെ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്പൂരിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.