റാന്നി: ഇട്ടിയപ്പാറ – ബംഗ്ലാംകടവ് റോഡ് പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കും. റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേയും കരാറുകാരന്റെയും യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേർത്തു. യോഗത്തിൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ കരാറുകാരന് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം കരാർ റദ്ദ് ചെയ്തു കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് താക്കീതു നൽകി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് 2023- 24 ബജറ്റിൽ ഉൾപ്പെടുത്തിയാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഇട്ടിയപ്പാറ ബംഗ്ലാംങ്കടവ് റോഡ് പുനരുദ്ധാരണത്തിനായി 10 കോടി രൂപ അനുവദിച്ചത്. തുടർന്ന് റോഡ് നിർമ്മാണം കരാർ ഏറ്റെടുത്ത കമ്പനി കഴിഞ്ഞ ഒരു വർഷമായി നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണ് മുമ്പോട്ട് കൊണ്ടുപോയത്.
റോഡിൽ നിർമ്മിക്കേണ്ട 13 കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വശം കെട്ടലും ഏകദേശം പൂർത്തീകരിച്ചു. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിന് ഉള്ള തുകയായ 19 ലക്ഷം രൂപ കെഎസ്ഇബിയിൽ കെട്ടിവയ്ക്കേണ്ടതുണ്ട്. ഇത് കെട്ടിവെയ്ക്കാൻ എടുക്കുന്ന കാലതാമസമാണ് പോസ്റ്റുകൾ മാറ്റാൻ വൈകുന്നത്. പോസ്റ്റുകൾ മാറ്റാനുള്ള തുക അടിയന്തിരമായി കെഎസ്ഇബി കെട്ടിവെയ്ക്കാൻ നിർദ്ദേശം നൽകി. പൈപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ ഇത് അടിയന്തിരമായി സ്ഥാപിക്കാനും കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം ബിഎംബിസി നിലവാരത്തിൽ റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ആവശ്യമുള്ള സ്ഥലങ്ങളിൽ ഓടകൾ ഐറിഷ് ഡ്രയിൻ, ഇൻ്റർ ലോക്കുകൾ, ക്രാഷ്ബാരിയറുകൾ എന്നിവയും അപകട സൂചന ബോർഡുകളും സ്ഥാപിക്കും. ഇതോടെ റാന്നിയിലെ ഒരു പൊതുമരാമത്ത് വകുപ്പ് റോഡ് കൂടി ഉന്നത നിലവാരത്തിലേക്ക് എത്തും.