എടത്വ: തലവടി തെക്ക് പ്രദേശത്തെ കിണറുകളിലെ ജലത്തിൽ കോളിഫോമിൻ്റെ അളവ് കൂടുതലെന്ന് ഗുണമേന്മ പരിശോധന ഫലം. വെള്ളപൊക്ക സമയങ്ങളിൽ കിണറുകളിൽ മലിന ജലം ഉറവയായി ഇറങ്ങി വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും വേനൽക്കാലത്ത് കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള സംസ്ഥാന മനുഷ്യാകാശ കമ്മീഷന് 2023 ആഗസ്റ്റ് 4ന് ഹർജി നല്കിയിരുന്നു. ഇതിനെ തുടർന്ന് പരാതിക്ക് ആസ്പദമായ സ്ഥലം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി സന്ദർശിക്കുകയും അടിയന്തിര പ്രാധാന്യമുള്ള വിഷയമായി കമ്മീഷന് ബോധ്യമാകുകയും പ്രദേശത്തെ കിണറുകളിലെ ജലത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ഗുണമേന്മാ പരിശോധിക്കാൻ ആലപ്പുഴ ജില്ലാ എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് നിർദ്ദേശം നല്കിയിരുന്നു.
ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണനും സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ അവശ്യം മനസ്സിലാക്കിയിരുന്നു. ആലപ്പുഴ എൻവയോൺമെൻ്റൽ എഞ്ചിനിയറോട് നലകിയ നിർദ്ദേശപ്രകാരം അസിസ്റ്റൻൻ്റ് എഞ്ചിനിയർ ആര്യ പ്രസന്നനൻ്റെ നേതൃത്വത്തിലുള്ള സംഘം സൗഹൃദ നഗറിലെത്തി ജലത്തിൻ്റെ ഗുണമേന്മ പരിശോധിക്കാൻ വിവിധ കിണറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധന ഫലത്തിൽ ടോട്ടൽ കോളിഫോമിൻ്റെയും ഫീക്കൽ കോളിഫോമിൻ്റെയും അളവ് കൂടുതലാണെന്നും വെള്ള പൊക്ക സമയങ്ങളിൽ മലിനജലം കിണറുകളിലെ ജലവുമായി കൂടിക്കലരുന്നത് മൂലം ജലം നേരിട്ട് ഉപയോഗിക്കുന്നതിന് സാധ്യമല്ലാത്തതുമാണെന്ന് പ്രദേശത്തെ കിണറുകളിലെ ജലം ശുദ്ധികരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നല്കി. ഈ പ്രദേശത്ത് പൊതു ടാപ്പുകളിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിയുന്നു. പ്രദേശവാസികൾ വിലകൊടുത്ത് വാങ്ങിയാണ് ശുദ്ധജലം ഉപയോഗിക്കുന്നത്. പാടശേഖരങ്ങളിലെ വാച്ചാലുകൾ വറ്റിച്ച് തുടങ്ങുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. ഇതിനോടകം തോടുകളിലെ വെള്ളം വറ്റി തുടങ്ങി.