മൂന്നാര്‍: പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണത്തിന് റവന്യുവകുപ്പ് വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിച്ചു. ജലയാശയത്തിന് സമീപത്തെ അതീവ സുരക്ഷമേഖലയില്‍ നിര്‍മ്മാണത്തിന് അനുമതിതേടി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് മറുപടി നല്‍കി. നിര്‍മ്മാണം നടത്താന്‍ പാടില്ലെന്ന് കാട്ടി കത്ത് നല്‍കുകയും ചെയ്തു.
എന്നാല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് ലഭിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ബാങ്ക് അധിക്യതര്‍ തയ്യാറായില്ല. യന്ത്രങ്ങളുടെ സഹായത്തോടെ ജലാശയത്തിന് സമീപത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മാണം തുടര്‍ന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന നിര്‍മ്മാണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മ്മാണത്തിന് വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
നിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എന്‍എസ് ബിജിയെ നിയോഗിക്കുകയും ചെയ്തു. തോട്ടംതൊഴിലാളികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് പഴയമൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് 12 കോടിയിലധികം രൂപ മുടക്കി നിര്‍മ്മാണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പാര്‍ക്കിലെ നിലവിലെ ഒഴിവിലേക്ക് തൊഴിലാളികളുടെ മക്കളെ നിയമിക്കാതെ ബന്ധുക്കളെ നിയമിച്ചത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.