ചുങ്കപ്പാറ: മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുരിശുമല തീർത്ഥാടന കേന്ദ്രത്തിലേയ്ക്കും നാഗപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുമുള്ള കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ മാരംങ്കുളം – നിർമ്മലപുരം – മുഴയമുട്ടം – മണ്ണാറത്തറ റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ നവീകരിച്ചു. നൂറു കണക്കിന് വിശ്വാസികൾ ദിനംപ്രതി എത്തിച്ചേരുന്ന കരുവള്ളിക്കാട്ട് കുരിശുമല തീർത്ഥാടന കേന്ദ്രത്തിലേയ്ക്കും നാഗപ്പാറ വിനോദ സഞ്ചാരമേഖലയിലേയ്ക്കുമുള്ള ഏക ഗതാഗത മാർഗ്ഗമാണിത്. വീതി കൂട്ടി പുനരുദ്ധാരണം ചെയ്യുക, റോഡിൻ്റെ സൈഡിൽ അപകടകരമാംവിധം സ്ഥാപിച്ചിരിക്കുന്ന വൈദ്യുത തുണുകൾ അപകടങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിലേയ്ക്ക് മാറ്റിസ്ഥാപിക്കുക, ബസ് അടക്കം വലിയ വാഹനങ്ങൾക്ക് സുഗമമായ യാത്ര നടത്തിപ്പിന് റോഡിലെ നിലവിലെ ഡിപ്പുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നാട്ടുകാര്‍ നിരന്തരം സമരങ്ങള്‍ നടത്തിയിരുന്നു.
നിർമ്മലപുരം – മുഴയമുട്ടം – മണ്ണാറത്തറ ഫോറസ്റ്റ് റോഡിൽ നിലവിലെ വീതിയിൽ പുട്ടു കട്ടകൾ പാകി ഗതാഗതയോഗ്യമാക്കണമെന്ന് ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ വികസന സമതി ജനപ്രതിനിധികളോടും തദേശ സ്വയംഭരണം, പൊതുമരാമത്ത്, വനം, റവന്യു, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. ഈ റോഡിലെ ടാറിങ്ങ് ഇളകി പല സ്ഥലങ്ങളിലും ഗർത്തങ്ങൾ രൂപപെട്ട സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ അടക്കം നിരന്തരം അപകടഭീതിയിലാണ് സഞ്ചരിക്കുന്നത്. ഈ വർഷത്തെ കരുവള്ളിക്കാട്ട് കുരിശുമ തീർത്ഥാടനത്തിന് വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്ന വലിയ വാഹനങ്ങൾക്ക് പ്രസ്തുത റോഡിലെ ഡിപ്പുകൾ തടസ്സമായതിനാൽ ടിപ്പറുകളിൽ മണ്ണ് എത്തിച്ച് ഡിപ്പുകള്‍ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു ഇവിടുത്തുകാർ.
തീർത്ഥാടന വിനോദ സഞ്ചാര മേഖലയിലേയ്ക്കുള്ള മാരംങ്കുളം – നിർമ്മലപുരം ജില്ലാ പഞ്ചായത്ത് റോഡ് വീതി കൂട്ടി നവീകരിക്കുക, റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത തൂണുകൾ അപകടങ്ങൾ ഒഴിവാക്കുന്നതിന് മാറ്റിസ്ഥാപിക്കുക, റോഡിലെ ഡിപ്പുകൾ നികത്തി ഗതാഗതം സുഗമമാക്കുക, നിർമ്മലപുരം മുതൽ മണ്ണാറത്തറ വരെയുള്ള ഫോറസ്റ്റ് റോഡിൽ നിലവിലെ വീതിയിൽ പുട്ടു കട്ട പാകി പ്രദേശവാസികൾക്കും തീർത്ഥാടന വിനോദ സഞ്ചാരികൾക്കും ഗതാഗതയോഗ്യമാക്കുനതിന് ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. പുരത്തു ചേർന്ന യോഗം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.ജെ. ജോസഫ് ഉൽഘാടനം ചെയ്തു. സമിതി ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, ജോയി പീടികയിൽ, തോമസുകുട്ടി വേഴമ്പ തോട്ടം, രാജു നാഗപ്പാറ, ബാബു പുലിതിട്ട, രാജൻ നാഗപ്പാറ, സണ്ണി മോടിയിൽ, കുട്ടപ്പൻ നാഗപ്പാറ ബിജു മോടിയിൽ, പിലിപ്പ് മോടിയിൽ തോമസുകുട്ടി കണ്ണാടിയിൽ, രാജൻ മേടക്കൽ, ബേബി ക്കുട്ടി കൊച്ചുപഴയിടം എന്നിവർ പ്രസംഗിച്ചു.