കോന്നി : സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മൂലമുള്ള ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ കോന്നിയിൽ നിലവിൽ പ്രവർത്തിക്കുന്നതും ഉപേക്ഷിക്കപെട്ടതുമായ പാറമടകൾ ആശങ്ക വർധിപ്പിക്കുന്നു. കോന്നി നിയോജക മണ്ഡലത്തിൽ കോന്നി, കോന്നി കലഞ്ഞൂർ പഞ്ചായത്തുകളിൽ ആണ് പാറമടകൾ ഏറെ സ്ഥിതി ചെയ്യുന്നത്. കോന്നി പയ്യനാമൺ കാർമല പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നും ഒരു ദിവസം അനുവദിച്ച പാസുകളിൽ കൂടുതൽ ആണ് കടത്തി കൊണ്ട് പോകുന്ന ലോഡുകൾ. നിലവിൽ പ്രവർത്തിക്കുന്ന പാറമടകൾ കൂടാതെ കോന്നി ചെങ്ങറ കേന്ദ്രീകരിച്ച് തുടങ്ങിയ പുതിയ പാറമടക്ക് എതിരെയും ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. കോന്നിയിലെ പല പാറമടകളിലും പാറ പൂർണ്ണമായി പൊട്ടിച്ചു മാറ്റിയ ശേഷം വീണ്ടും പാറ ലഭിക്കാൻ കുഴിമട സംവിധാനവും ഉപയോഗിച്ച് വരുന്നുണ്ട്.
പാറ പൊട്ടിച്ചു മാറ്റിയ കുഴികളിൽ കെട്ടി കിടക്കുന്ന വെള്ളവും വലിയ ദുരന്ത ഭീഷണിയാണ് നില നിർത്തുന്നത്. പയ്യനാമൺ, അതിരുങ്കൽ, പാക്കണ്ടം, പോത്ത്പാറ, കലഞ്ഞൂർ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഉള്ള നിരവധി പാറകുളങ്ങൾ ആണ് നിറഞ്ഞു നിൽക്കുന്നത്. മുൻപ് പാറമടകൾക്ക് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് ആണ് അനുമതി നൽകിയിരുന്നത് എങ്കിൽ ഇന്ന് അത് പഞ്ചായത്തുകൾക്ക് അനുമതി നൽകാം എന്ന സ്ഥിതി വന്നതും വലിയ പ്രകൃതിക്ക് വിനാശമാകുന്നു. പാറഖനനം മാത്രമല്ല അനധികൃത പച്ചമണ്ണെടുപ്പും കോന്നിയുടെ വിവിധ മേഖലകളിൽ ദുരന്ത ഭീതി വർധിപ്പിക്കുന്നു. കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃത പച്ചമണ്ണ് കടത്ത് വ്യാപകമാകുന്നുണ്ട്.
തേക്കുതോട് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ താഴെ വീഴാറായ കൂറ്റൻ പാറയുടെ അടിഭാഗങ്ങൾ ആണ് മണ്ണെടുത്ത് മാറ്റിയിട്ടുള്ളത്. കാലക്രമേണ ഈ ഭാഗത്ത് വലിയ തോതിൽ ഉള്ള മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. കോന്നി അട്ടച്ചാക്കൽ, പയ്യനാമൺ പ്രദേശങ്ങളിൽ പാറമടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളുടെ അടുത്ത് താമസിക്കുന്ന ആളുകളും ഭീതിയിലാണ് ഇപ്പോൾ. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യത ഇപ്പോഴും നില നിൽക്കുന്നു. പല. വീടുകളുടെയും ഭിത്തികൾ സ്ഫോടനം മൂലം ഉണ്ടാകുന്ന പ്രകമ്പനം മൂലം പൊട്ടിയിരിക്കുന്നതും കാണാം. കോന്നിയിൽ ഇത്തരം മാഫിയകൾക്ക് കടിഞ്ഞാൺ ഇടാൻ ബന്ധപെട്ടവർ തയ്യാറായില്ല എങ്കിൽ വലിയ ദുരന്തം ആകും കോന്നിയെ കാത്തിരിക്കുക.