കോന്നി : കോന്നിയിലെ പ്രധാന ശബരിമല ഇടത്താവളമായ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിരിവെക്കാൻ എത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് വർധിക്കുന്നു. കഴിഞ്ഞ ദിവസവമാണ് തമിഴ്നാട് തെങ്കാശിയിൽ നിന്നും പുറപ്പെട്ട് വലിയ സ്വാമി തങ്കത്തിന്റെ നേതൃത്വത്തിൽ ഉള്ള 70 അംഗ സംഘം കോന്നിയിൽ എത്തിയത്. എല്ലാ വർഷവും ശബരിമലയിൽ ദർശനം നടത്തുന്ന ഇവർ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി ഇടത്താവളത്തിൽ വിശ്രമിച്ച ശേഷമാണ് മടങ്ങി പോവുക. തെങ്കാശി, കടയനെല്ലൂർ, അച്ചൻകോവിൽ, കല്ലേലി വഴി കാനനപാതയിലൂടെ കോന്നിയിൽ എത്തിയ ശേഷം പുലർച്ചെ യാത്ര തിരിച്ച് കുമ്പഴ വഴി ശബരിമലയിലേക്ക് പുറപ്പെടും. ഇത്തരത്തിൽ നിരവധി അയ്യപ്പ ഭക്തർ ആണ് കോന്നിയിലെ ശബരിമല ഇടത്താവളമായ മുരിങ്ങമംഗലത്ത് എത്തി മടങ്ങുന്നത്.
മറ്റ് ശബരിമല ഇടത്താവളങ്ങളെ അപേക്ഷിച്ച് വിരിവെക്കാൻ ആവശ്യമായ സൗകര്യങ്ങളും പ്രഭാതകൃത്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും എല്ലാം കോന്നിയിലെ ഇടത്താവളത്തിൽ ഉണ്ട് എന്നുള്ളതും കാല നടയായും മറ്റും കോന്നിയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ആശ്വാസമാണ്. കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിച്ച് എത്തുന്ന അയ്യപ്പ ഭക്തർ ആണ് അധികവും. കുട്ടികൾ അടക്കം നിരവധി പേർ ഉലപ്പെടുന്ന സംഘങ്ങൾ ഇടത്താവളത്തിലെത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ചാണ് മടക്കം. പകൽ കോന്നിയിൽ എത്തുന്ന സംഘങ്ങൾ പുലർച്ചെ കുളികഴിഞ്ഞ് മുതിർന്ന ആളിൽ നിന്നും ശരണം വിളികളോടെ ഇരുമുടി കെട്ട് ഏറ്റുവാങ്ങി ആണ് യാത്ര തുടരുക. അയ്യപ്പ ഭക്തർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും കോന്നിയിലെ ശബരിമല ഇടത്താവളത്തിൽ ഒരുക്കുന്നതിനും ചുമതലക്കാർ ശ്രദ്ധ ചെലുത്താറുണ്ട്. മണ്ഡല മകരവിളക്ക് മഹോത്സവം അടുക്കുമ്പോൾ കോന്നി ശബരിമല ഇടത്താവളത്തിൽ അയ്യപ്പ ഭക്തരുടെ ഒഴുക്ക് ഇനിയും വർധിക്കും.