കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ ആറാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.
ഏതെങ്കിലും ഒരു NBFC ഡിബഞ്ചര്‍ പ്രഖ്യാപിച്ചാല്‍ പത്ത് കാശ് കയ്യിലുള്ള മലയാളിക്ക് രോമാഞ്ചമാണ്. വമ്പന്‍ പരസ്യങ്ങളുടെ ആരവത്തോടെ വരുന്ന ഡിബഞ്ചര്‍ അഥവാ കടപ്പത്രം വാങ്ങാന്‍ പിന്നെ ഓട്ടമാണ്. പെട്ടെന്ന് വാങ്ങിയില്ലെങ്കില്‍ തീര്‍ന്നുപോകും, പിന്നെ തല കുമ്പിട്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഇത് എന്താണന്നോ എത്രതരം ഉണ്ടെന്നോ മരമണ്ടന്‍ മലയാളിക്കറിയില്ല. ഡിബഞ്ചര്‍ ഇറക്കുന്ന കമ്പിനി എവിടെയാണെന്നോ ഉടമകള്‍ ആരെന്നോ കമ്പിനിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളോ ആരും തിരക്കില്ല. ആകെ നോക്കുന്നത് താന്‍ വാങ്ങുന്നത് സെക്യൂഡ് ഡിബഞ്ചര്‍ ആണോ എന്നത് മാത്രമാണ്. ഡിബഞ്ചര്‍ ഇറക്കിയ കമ്പിനിയുടെ അതിമനോഹരമായി ഫര്‍ണീഷ് ചെയ്ത ശാഖ തന്റെ സമീപത്തുമുണ്ട്. അവിടെ ജോലി ചെയ്യുന്നതാകട്ടെ തനിക്ക് വര്‍ഷങ്ങളായി അറിയാവുന്നവരും നാട്ടുകാരുമാണ്. തൊട്ടടുത്ത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് മാനേജരായി വിരമിച്ചവരോ നാട്ടില്‍ സല്‍പ്പേരുള്ള വിരമിച്ച അധ്യാപകരോ ആയിരിക്കും ഇവിടുത്തെ മാനേജര്‍. പിന്നെ എന്തിന് കമ്പിനിയുടെയും മുതലാളിയുടെയും ജാതകം നോക്കണം, ഇതാണ് വിവരം ഉണ്ടെന്ന് സ്വയം അഭിമാനിക്കുന്ന മലയാളിയുടെ മനോഭാവം.
ഡിബഞ്ചര്‍ ഇറക്കുന്ന കാര്യം മുന്‍കൂട്ടിത്തന്നെ കമ്പിനിയുടെ ശാഖാ ജീവനക്കാര്‍ വളരെ ബഹുമാനത്തോടെ പണം കയ്യിലുള്ള സാറിനെ അറിയിക്കും. ആദ്യംതന്നെ വരണം, പെട്ടെന്ന് തീര്‍ന്നുപോകും, ഇപ്രാവശ്യം ഭയങ്കര പിടിയാണ്, ബുക്ക് ചെയ്ത എല്ലാവര്‍ക്കും കൊടുക്കാന്‍ തികയില്ല, സാരമില്ല സാറിനുള്ളത് ഞങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്, ഇക്കാര്യം മറ്റാരോടും പറയേണ്ട, നാളെ രാവിലെ 9 മണിക്കുതന്നെ വരണം…. കിളിക്കൊഞ്ചല്‍ കേള്‍ക്കുന്ന മലയാളി അഭിമാനത്തോടെ നെടുവീര്‍പ്പിടും. ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് വീട്ടില്‍ വെച്ച് ഉറങ്ങാന്‍ കിടക്കുന്നവന്റെ അവസ്ഥയാണ് പിന്നെ. രാവിലെ ഡിബഞ്ചര്‍ അപ്പം വാങ്ങാന്‍ തലേദിവസം തന്നെ പണം എടുത്തു വെച്ചിരിക്കും. നിധികാക്കുന്ന ഭൂതത്തെപ്പോലെ നേരം വെളുപ്പിക്കും.
രാവിലെ 9 മണിക്ക് ശാഖയില്‍ എത്തുമ്പോള്‍ മാനേജര്‍ പുഞ്ചിരിച്ചുകൊണ്ട് ക്യാബിനിലേക്ക് വിളിക്കും. പിന്നെ എല്ലാം അവിടെയിരുന്നുകൊണ്ട് ചെയ്യും, പണം അടക്കാന്‍ കൌണ്ടറില്‍ പോകേണ്ട, സ്ലിപ്പും ഫോമും ഒന്നും പൂരിപ്പിക്കേണ്ട. ശീതീകരിച്ച മുറിയിലേക്ക് ചൂട് ചായയും കൊണ്ടെത്തിയത് അവിടുത്തെ കാഷ്യര്‍ ആയ സുന്ദരിയാണ്. ചായക്കോപ്പ കയ്യിലേക്ക് തന്ന് ഒന്ന് പുഞ്ചിരിക്കുമ്പോഴേക്കും മാനേജര്‍ ആവശ്യമുള്ള ഫോമുകള്‍ ഒക്കെ എടുത്ത് മേശമേല്‍ വെച്ചിരിക്കും. ചായ കുടിക്കുന്നതിനിടക്കുതന്നെ ഒപ്പിടല്‍ പൂര്‍ത്തിയാക്കും. ഒപ്പിടുന്ന പേപ്പറുകള്‍ എന്തിന്റെയാണെന്നോ, ഏതു കമ്പിനിയുടെ ആണെന്നോ, എന്തൊക്കെയാണ് എഴുതിവെച്ചിരിക്കുന്നതെന്നോ ആരും നോക്കില്ല. ചൂണ്ടിക്കാണിച്ച സ്ഥലത്തൊക്കെ ഒപ്പിടും. വിയര്‍പ്പിന്റെ രൂക്ഷഗന്ധമുള്ള നോട്ടുകള്‍ നല്‍കി ഇവര്‍ നല്‍കുന്ന കടലാസുകഷണവുമായി സന്തോഷത്തോടെ പടിയിറങ്ങുമ്പോള്‍ അകത്ത് ജീവനക്കാരില്‍ ഒരു ചെറു പുഞ്ചിരി വിരിയും.
കമ്പിനി ഈടായി നല്‍കുന്ന സ്വത്തുക്കളെ അടിസ്ഥാനമാക്കിയാണ് സെക്യൂഡ് ഡിബഞ്ചറുകള്‍ ഇറക്കുന്നത്. ഇതിന് അനുമതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആണ്. കേരളത്തിലെ ഓഫീസ് ഏറണാകുളത്താണ്. ഡിബഞ്ചര്‍ ഇറക്കുന്നതിനു മുന്നോടിയായി ഏതു കമ്പിനിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുകയും ഡിബഞ്ചര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും, ഇതിനുവേണ്ടി പുറമെനിന്നുള്ള മൂന്നുപേരെ ട്രസ്റ്റികളായി നിയമിക്കുകയും ചെയ്യും. സെക്യൂഡ് ഡിബഞ്ചര്‍ ഇറക്കുവാന്‍ ഈടായി നല്‍കുന്ന സ്വത്തുക്കളുടെ ചുമതല ട്രസ്റ്റികള്‍ക്കായിരിക്കും. അതായത് സെക്യൂഡ് ഡിബഞ്ചര്‍ കാലാവധി തികച്ച് പണം തിരികെ നല്‍കുന്നത് വരെ കമ്പിനി ഉടമകള്‍ക്ക് ഈ സ്വത്തുക്കള്‍ വില്‍ക്കുവാനോ പണയപ്പെടുത്തുവാനോ കഴിയില്ല. ഏതെങ്കിലും കാരണത്താല്‍ കമ്പിനി പൂട്ടിപ്പോകുകയോ ഉടമ മുങ്ങുകയോ ചെയ്‌താല്‍ ഡിബഞ്ചറിന് ഈടായി നല്‍കിയിട്ടുള്ള വസ്തുവോ കെട്ടിടമോ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് (ഡിബഞ്ചര്‍ ഉടമകള്‍ക്ക്)പണം മടക്കി നല്‍കേണ്ട ഉത്തരവാദിത്വം ട്രസ്റ്റികളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഡിബഞ്ചറുകള്‍ക്ക് സെക്യൂരിറ്റി ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
എന്നാല്‍ ഈടായി നല്‍കുന്ന വസ്തുക്കളും കെട്ടിടങ്ങളും നിക്ഷേപകരുടെ പണം ഉപയോഗിച്ചാണ് മിക്കവരും വാങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇറക്കിയ ഡിബഞ്ചറിലൂടെ ലഭിച്ച കോടികള്‍ വകമാറ്റിയും മാറ്റാതെയുമൊക്കെ സമ്പാദിച്ചതാണ് ഈ സ്വത്ത് വകകള്‍. അതായത് നാട്ടുകാരുടെ പണം കൊണ്ട് വാങ്ങിയ സ്വത്തുക്കള്‍ എന്നര്‍ഥം. ഇതാണ് വീണ്ടും മറ്റൊരു ഡിബഞ്ചര്‍ ഇറക്കുവാന്‍ സെക്യുരിറ്റിയായി നല്‍കുന്നത്. വിശദമായി പറഞ്ഞാല്‍ തൃശൂരിലെ കുഞ്ഞച്ചന്റെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC) 60 കോടി രൂപാ മുടക്കി 3 കെട്ടിടങ്ങള്‍ സ്വന്തമാക്കിയെന്നു കരുതുക. 20 കോടി രൂപയാണ് ഓരോ കെട്ടിടത്തിനും മുടക്കുമുതല്‍. ഇതില്‍ ഒരു കെട്ടിടം ഈടായി നല്‍കിക്കൊണ്ട് 25 കോടിയുടെ ഡിബഞ്ചര്‍ ഇറക്കുവാന്‍ തീരുമാനിക്കുന്നു. കെട്ടിടത്തിന്റെ വാല്യുവേഷന്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ഇതിനു നീങ്ങുന്നത്. അങ്ങനെ നാട്ടുകാരുടെ പണംകൊണ്ട് വാങ്ങിയ കെട്ടിടം ഈടായി കാണിച്ച് വീണ്ടും ജനങ്ങളില്‍നിന്നും പണം വാങ്ങുന്നു. കമ്പിനി ഉടമയുടെ വീടോ മറ്റ് സ്വത്തുക്കളോ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും നിക്ഷേപകരുടെ പണംകൊണ്ട് വാങ്ങിയ കെട്ടിടത്തിലെ ഒരെണ്ണം മാത്രമാണ് ഇവിടെ സെക്യുരിറ്റിയായി നല്‍കിയതെന്നും ശ്രദ്ധിക്കുക.
കമ്പിനി പൂട്ടുകയോ ഉടമ മുങ്ങുകയോ ചെയ്‌താല്‍ നിക്ഷേപകര്‍ക്ക് മാത്രമാകും നഷ്ടം. കമ്പിനി ഉടമക്ക് ഒന്നും നഷ്ടപ്പെടാനില്ല. അയാളുടെയും അയാളുടെ ബിനാമികളുടെയും പേരിലുള്ള എല്ലാ സ്വത്തുക്കളും പൂര്‍ണ്ണമായി “സെക്യൂഡ് ” ആയിരിക്കും. എന്നാല്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്നും തങ്ങള്‍ പണം നിക്ഷേപിച്ചത് സെക്യൂഡ് ഡിബഞ്ചറിലാണെന്നും ഈടായി നല്‍കിയ കെട്ടിടം ട്രസ്റ്റികള്‍ ലേലം ചെയ്ത് തങ്ങള്‍ക്ക് പണം നല്‍കുമെന്നും ഉറപ്പായി വിശ്വസിക്കുന്നവരാണ് എല്ലാവരും. ഇത് അത്ര എളുപ്പമല്ലെന്നും വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടികള്‍ ഇതിനാവശ്യമാണെന്നും നിക്ഷേപകര്‍ക്കറിയില്ല. ഇതിനിടയില്‍ ഡയറക്ടര്‍മാരില്‍ ആരെങ്കിലുമോ അതുമല്ലെങ്കില്‍ കമ്പിനി ഉടമയുടെ താല്‍പ്പര്യപ്രകാരം ഡിബഞ്ചറില്‍ പണം നിക്ഷേപിച്ച ആരെങ്കിലുമോ കമ്പിനി ഉടമക്കെതിരെ നിയമനടപടിക്ക് പോയാല്‍ ഈ കെട്ടിടത്തിന്റെ ലേല നടപടികള്‍ അനന്തമായി നീണ്ടുപോകും. സെക്യൂഡ് ഡിബഞ്ചറില്‍ പണം നിക്ഷേപിച്ചവര്‍ മാനത്തുനോക്കിയിരിക്കുമ്പോള്‍ കമ്പിനിയുടമ പട്ടുമെത്തയില്‍ കിടന്ന് ചിരിക്കും. >>> തുടരും….. ഡിബഞ്ചറുകള്‍ എട്ടുനിലയില്‍ പൊട്ടുന്നു… സ്വകാര്യ ഫിനാന്‍സുകള്‍ വന്‍ പ്രതിസന്ധിയിലേക്ക്
——–
Disclaimer: ഇതില്‍ നല്‍കിയിരിക്കുന്ന പേരുകള്‍ സാങ്കല്‍പ്പികം മാത്രമാണ്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs