മലയാലപ്പുഴ : ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മലയാലപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത്, വാട്ടർ അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കി. ആയിരക്കണക്കിന് വിശ്വാസികൾ ദിവസേന ദർശനത്തിനായി എത്തിച്ചേരുന്ന മലയാലപ്പുഴ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയപ്പുഴയിലും, താഴം, ചീങ്കൽത്തടം, കോഴികുന്നം, പള്ളിപ്പടി, മുക്കുഴി, പുതുക്കുളം, തോട്ടം, വള്ളിയാനി, ചേറാടി, പൊതീപ്പാട്, പീടികപ്പാറ, കാഞ്ഞിരപ്പാറ, പാമ്പേറ്റുമല, കോട്ട മുക്ക്, കിഴക്കുപുറം, ശങ്കരത്തിൽ ഭാഗം, ഈട്ടിമൂട്ടിൽ മുരുപ്പ്, പരുത്തിയാനി, കരിംകുറ്റി, തോമ്പിൽ ഭാഗം, വടക്കുപുറം, മാലേത്ത് മുരുപ്പ്, വെട്ടൂർ നെല്ലുവേലി മുരുപ്പ്, വെട്ടൂർ ലക്ഷം വീട് കോളനി, റേഡിയോ ജംഗ്ഷൻ, പ്രീയദർശിനി കോളനി, മണക്കാട്ട് മുരുരുപ്പ് എന്നിവിടങ്ങളിലെ ജനങ്ങൾ വെള്ളത്തിനുവേണ്ടി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നു. പലരും വന്‍തുക നല്കി ടാങ്കറുകളിൽ വെള്ളം വീടുകളിൽ എത്തിക്കുകയാണ്.
ഇപ്പോൾ പൈപ്പ് ലൈൻ വഴി കടവുപുഴ, അട്ടച്ചാക്കൽ ശുദ്ധജല പദ്ധതികളിൽ നിന്നും പതിനഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് നാമമാത്രമായി ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തുന്നത്. ഇതു മൂലം മലയാലപ്പുഴയിലെ ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മിക്ക വാർഡുകളിലും രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. മലയാലപ്പുഴ, മൈലപ്രാ പഞ്ചായത്തുകൾക്കായി സമഗ്ര ശുദ്ധജല പദ്ധതി നടപ്പാക്കുമെന്ന കോന്നി എം.എൽ.എ യുടെ പ്രഖ്യാപനം വന്നിട്ട് വർഷങ്ങളായിട്ടും പദ്ധതി നടപ്പിലാക്കുവാൻ യാതൊരു നടപടിയുമില്ലാത്തത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തകയോഗം കുറ്റപ്പെടുത്തി. ജലക്ഷാമത്തിന് പരിഹാരമായി താല്ക്കാലികമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള ഉയർന്ന പ്രദ്ദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്രയും വേഗം ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കുകയും ദീർഘകാല പദ്ധതി നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലിപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, എം.സി ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണം മണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, മലയാലപ്പുഴ വിശ്വംഭരൻ, ശശീധരൻനായർ പറയരുകിൽ, മീരാൻ വടക്കുപുറം, ബിന്ദു ജോർജ്ജ്, ബെന്നി ഈട്ടിമൂട്ടിൽ, സി.പി സുധീഷ്, ശ്രീകുമാർ ചെറിയത്ത്, അലക്സാണ്ടർ മാത്യു, മാത്യു ഇലക്കുളം, മിനി ജെയിംസ്, ബിജുമോൻ തോട്ടം, ബിനോയ് വിശ്വം, സി.പി.സുധീഷ്, അഡ്വ. ആശാകുമാരി, വി.റ്റി ജെയിംസ് എന്നിവർ പ്രസംഗിച്ചു.