തിരുവനന്തപുരം : ആധാരങ്ങൾക്കും മറ്റ് ഇടപാടുകൾക്കുമായി സർക്കാർ അടുത്ത കാലത്ത് നടപ്പിലാക്കിയ ഈ സ്റ്റാമ്പിംഗ് സമ്പ്രദായത്തിന്റെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം യൂണിയൻ പ്രസിഡണ്ട് അഡ്വ. ബി സത്യൻ, വർക്കിംഗ് പ്രസിഡണ്ട് കരകുളം ബാബു, ട്രഷറർ തിരുവല്ലം മധു എന്നിവര്‍ ചേര്‍ന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി എന്നിവർക്ക് സമര്‍പ്പിച്ചു.
തികച്ചും അശാസ്ത്രീയമായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്. ഇതിലൂടെയുള്ള നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. ആധാരം എഴുത്തുകാർക്കും വെണ്ടർമാർക്കും പൊതുജനങ്ങൾക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഭൂമിയുടെ ഫെയർ വാല്യൂ നിരക്കിൽ നിലനിൽക്കുന്ന അപാകതകള്‍ പരിഹരിക്കുവാന്‍ ഒരു നടപടിയും നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രജിസ്ട്രേഷൻ ഡിപ്പാർട്ട് മെന്റിൽ പാട്ടം, വാടക കരാർ എന്നിവയ്ക്ക് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വെണ്ടർമാരുടെ ഒഴിവ് നികത്തണമെന്നും കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടൂ.