തൃശൂർ : കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കളക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.