പത്തനംതിട്ട : ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നഗരത്തിൽ അരങ്ങൊരുങ്ങുന്നു. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് പത്തനംതിട്ടയുടെ സംഘാടകസമിതി രൂപീകരിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ഡയറക്ടറായിരുന്ന എ മീരാസാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേഖലയ്ക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ജില്ലയിൽ പുതിയ ചലച്ചിത്ര സംസ്കാരത്തിന് വഴിതെളിക്കാൻ മേളയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആദ്യ സംരംഭത്തിന്റെ പരിമിതികളെ മറികടന്ന് തുടർച്ചയായി മേള നടത്താൻ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, വിവിധ രാഷ്ട്രീയ – സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ സംഘാടകസമിതി ചെയർമാനായും ചലച്ചിത്ര നിരൂപകനും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ എം എസ് സുരേഷ് ജനറൽ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യരക്ഷാധികാരികളായി ആരോഗ്യ മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ.കെ യു ജനീഷ് കുമാർ മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ ആദ്യ ഡയറക്ടറുമായ എ മീരാസാഹിബ് എന്നിവർ പ്രവർത്തിക്കും. നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി (വൈസ് ചെയർമാൻ), മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് (മെമ്പർ സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപീകരിച്ചു.