തിരുവനന്തപുരം/പത്തനംതിട്ട : ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പന്നിയാർ) നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സജി കുളത്തിങ്കൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡി സി സി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സി പി എം അനുകൂല നിലപാട് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു. വിപ്പ് ലംഘിച്ചു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സജി കുളത്തിങ്കലിനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയിട്ടുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു വന്നതാണ് സജി. കോൺഗ്രസ് രക്തസാക്ഷി കെ.ഇ വർഗീസിന്റെ (കുളത്തുങ്കൽ തങ്കച്ചൻ) മകനായ സജി കുളത്തിങ്കല്‍, സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ് പ്രസാദിന്റെ സഹോദരനും ജില്ലാ നേതാവുമായ എം.എസ് രാജേന്ദ്രനെ തോൽപ്പിച്ചാണ് ഇടതുപക്ഷ സീറ്റ് പിടിച്ചെടുത്തത്.
ശക്തമായ പോരാട്ടത്തിലൂടെ ഇടതുപക്ഷത്തിന്റെ വാര്‍ഡ് സജി കുളത്തുങ്കലിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ജയിച്ചുവന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനം ഇദ്ദേഹം പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം രണ്ടുപേര്‍ക്കായി നല്കുവാനായിരുന്നു ഡി.സി.സി.യുടെ തീരുമാനം. ആദ്യ പകുതി എ.ബഷീറും രണ്ടാം പകുതി സജി കുളത്തുങ്കലിനും നല്‍കാമെന്ന് കോണ്‍ഗ്രസ് നേത്രുത്വം പറഞ്ഞെങ്കിലും സജി കുളത്തുങ്കല്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇടതുപക്ഷത്തിനെ കൂട്ടുപിടിച്ചുകൊണ്ട് സജി കുളത്തുങ്കല്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ആകുകയായിരുന്നു. മുന്‍ ധാരണപ്രകാരം ഇടതുപക്ഷത്തെ രവികല വൈസ് പ്രസിഡണ്ടുമായി. ആകെ 13 വാര്‍ഡുകള്‍ ഉള്ളതില്‍ കോണ്‍ഗ്രസ് – 6, ഇടതുപക്ഷം (സി.പി.എം) 5, ബിജെപി – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി സജി കുളത്തിങ്കല്‍ ഇടത്തേക്ക് ചാഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് അഞ്ചും സിപിഎമ്മിന് ആറും സീറ്റായി. ബി.ജെ.പി ആര്‍ക്കും പിന്തുണ നല്‍കിയില്ല.
ചിറ്റാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ഒരു റബ്ബർ സ്റ്റാമ്പ് ആയിരുന്നുവെന്നും വൈസ് പ്രസിഡന്റ് ആയിരുന്നു ഭരണം നടത്തിയിരുന്നതെന്നും ആരോപണമുണ്ട്. കൂടാതെ ഭരണ സമിതിക്കും പ്രസിഡന്റിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്റെ പേരിൽ ജയിച്ച് പഞ്ചായത്ത് അംഗമായതിനുശേഷം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി കൂറുമാറ്റം നടത്തുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ചിറ്റാർ പഞ്ചായത്തിൽ സജി കുളത്തുങ്കലിനെ അയോഗ്യനാക്കിയതിലൂടെ തെളിയുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ പറഞ്ഞു.
സ്വന്തം പിതാവിന്റെ ഘാതകർ എന്ന് വിശ്വസിക്കുന്ന പാർട്ടിക്കൊപ്പം നിന്ന് കോൺഗ്രസിനെയും പ്രവര്‍ത്തകരെയും വഞ്ചിച്ച സജി കുളത്തുങ്കലിന് ലഭിച്ച ഏറ്റവും ഉചിതമായ ശിക്ഷയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ വിധിയെന്ന് കോണ്‍ഗ്രസ് ചിറ്റാര്‍ മണ്ഡലം സെക്രട്ടറി ജോർജി ജോൺ ആറ്റുപുറം പ്രതികരിച്ചു. മഞ്ഞും മഴയും നനഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുവാന്‍ സജിക്ക് കഴിഞ്ഞില്ല. അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ അപ്പനെയും അമ്മയെയുംപോലും തള്ളിപ്പറയുന്ന ഇത്തരം ആളുകള്‍ക്ക് ശക്തമായ താക്കീതായി വിധി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.