പത്തനംതിട്ട : അധികാര വികേന്ദ്രീകരണം എന്ന പഞ്ചാത്ത് രാജ്, നഗരപാലിക നിയമത്തിന്‍റെ അന്തസത്തക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരവും സാമ്പത്തികവുമായ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ദുര്‍ബലപ്പെടുത്തുകയുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി സംഘടപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടന കര്‍മ്മം പത്തനംതിട്ട രാജീവ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വികസനത്തിന് നേതൃത്വം നല്‍കേണ്ട പഞ്ചായത്ത് രാജ്, നഗരപാലിക സ്ഥാപനങ്ങളുട തനത് ഫണ്ട് വെട്ടിക്കുറക്കുകയും വകമാറ്റി ചെലവഴിക്കുവാന്‍ നിര്‍ബന്ധിക്കുകയും അതിനായി ഉത്തരവ് ഉണ്ടാക്കുകയും ചെയ്ത് സര്‍ക്കാര്‍ ഈ സ്ഥാപനങ്ങള ഞെരുക്കി പ്രാദേശിക വികസന മുരടിപ്പ് സൃഷ്ട്ടിക്കുകയും ചെയ്തിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
അടുത്ത് നടക്കുവാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല സംഘടനാ പ്രതിനിധികളേയും വിധേയന്‍മാരായ ഉദ്യോസ്ഥരേയും ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ വാര്‍ഡ് വിഭജനം നടത്തുവാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്കി. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ ജില്ലാ പ്രസിഡന്‍റ് സജി കൊട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി സി നിര്‍വാഹക സമിതി അംഗം അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, പഞ്ചായത്ത്രാജ് സംഘടനന്‍ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാര്‍, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ഏഴംകുളം അജു, സതീഷ് പണിക്കര്‍, കോശി. പി. സഖറിയ, വിനീത അനിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.സി യുടെ തദ്ദേശസ്വയംഭരണ സ്ഥാപന ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ, കില മുന്‍ ഫാക്കല്‍റ്റി അംഗം വൈക്കം ഉദയഭാനു എന്നിവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ നയിച്ചു.