പത്തനംതിട്ട : വൈജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് നേരിട്ട് എത്തുന്ന നവകേരള സദസ്സിന്റെ ആറന്മുള മണ്ഡലതല സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാതൃക ലോകത്തിന് തന്നെ മാതൃകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ സ്വന്തമാക്കി അറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമ്പദ് ഘടന കെട്ടിപ്പടുക്കുകയാണ് നവകേരള ലക്ഷ്യം വെയ്ക്കുന്നത്. അതിനായി സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ലോകോത്തര കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിഭാശാലിയായ വിദ്യാര്‍ഥികളുടെ കഴിവുകളെ കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കണം എന്നതാണ് ലക്ഷ്യം.
ലോകത്തിന്റെ പല രാജ്യത്ത് നിന്നും ഉദ്യോഗാര്‍ഥികള്‍ കേരളത്തിലേക്ക് തിരിച്ച് വരികയാണ്. മാത്രമല്ല, ഗുണമേന്മയുള്ള ആരോഗ്യസംവിധാനങ്ങളും കേരളത്തിലെ ആശുപത്രികളില്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വരെ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കി എന്നത് വലിയ നേട്ടമാണ്. എന്നാല്‍ ഈ നേട്ടങ്ങളെ ഒന്നും രാഷ്ട്രീയ താല്‍പര്യമയി ഉപയോഗിക്കാന്‍ ഈ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ല. കാരണം സര്‍ക്കാര്‍ ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന്റേയും ഭാഗമല്ല. സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധാനം ചെയ്യുന്നു. ഇന്ന് ആറന്മുള മണ്ഡലത്തില്‍ സംഘടിപ്പിച്ച പ്രഭാത സദസ്സ് അതിന് ഉദാഹരണമാണ്. യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോയും പങ്കെടുക്കുകയും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പങ്ക് വെയ്ക്കുകയും ചെയ്തു.
കേന്ദ്രം തെറ്റായ സമീപനങ്ങള്‍ കേരളത്തോട് തുടര്‍ച്ചയായി സ്വീകരിക്കുമ്പോഴും കേരളം ജനങ്ങള്‍ക്കൊപ്പമാണ് എന്ന് പല തവണ തെളിയിച്ചു. ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പാലിച്ചു എന്നതിന് ജനങ്ങളുടെ മുന്നില്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച ആദ്യ സര്‍ക്കാര്‍, എന്നിങ്ങനെ ഒരുപാട് അഭിമാനകരമായ നേട്ടങ്ങളാണ് ഇവിടെയുള്ളത്. നവകേരള സൃഷ്ടി ഈ നാടിന് വേണ്ടി ആണെന്നും ആ കാഴ്ചപ്പാട് പൂര്‍ത്തിയാക്കാന്‍ എല്ലാ ജനങ്ങളും സര്‍ക്കാരിന് ഒപ്പം നില്‍ക്കണം എന്നും മന്ത്രി പറഞ്ഞു.