തിരുവനന്തപുരം : ഇന്ത്യ – പാക് സംഘർഷങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം നിർത്തിവെച്ചത് സ്വാഗതാർഹമാണെന്ന് കെ സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നൽകി കേരളത്തിലും മഹാറാലികൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോൾ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത് നീചവും നിന്ദ്യവുമായ ആക്രമണങ്ങളാണ്. യാത്രാവിമാനങ്ങളെ മറയാക്കി ഇന്ത്യയെ ആക്രമിക്കുന്നു. ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളും അക്രമിച്ചു. വർഗീയ സ്പർധയുണ്ടാക്കാനുള്ള വ്യാജപ്രചരണങ്ങൾ നടത്തുന്നു. ശക്തമായ മറുപടി രാജ്യം നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ മിലിറ്ററി സ്ട്രക്ച്ചറുകൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ രാജ്യം മുഴുവൻ നമ്മുടെ സൈന്യത്തിനും രാഷ്ട്രത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാറാലികൾ നടത്തുകയാണ്. പ്രതിപക്ഷ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും റാലികൾക്ക് നേതൃത്വം നൽകുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഭാരതം ഒന്നിച്ചു നിൽക്കുമെന്ന ശക്തമായ സന്ദേശമാണിത്. സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം നിർത്തിവെച്ചത് സ്വാഗതാർഹമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നൽകി കേരളത്തിലും മഹാറാലികൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോൾ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകട്ടെ. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടും.