കൊടുമണ്‍ : ജംഗ്ഷനിലെ റോഡരികില്‍ നില്‍ക്കുന്ന ഇലക്‌ട്രിക് പോസ്‌റ്റിന്റെ സ്റ്റേ വയര്‍ വലിച്ചു കെട്ടിയിരിക്കുന്നത് ഓടയുടെ സ്ലാബില്‍. യാത്രക്കാര്‍ കുരുങ്ങിവീണ് പരുക്കേല്‍ക്കുന്നു. റോഡ് നവീകരണത്തോടനുബന്ധിച്ച് ടാറിങ് നടത്തിയതിനു ശേഷമാണ് പോസ്‌റ്റ് വീഴാതിരിക്കാനായി സ്‌റ്റേ വയര്‍ വലിച്ചു കെട്ടിയത്. സ്ലാബിന് നടുക്കായുള്ള വിടവിനോട് ചേര്‍ത്താണ് വയര്‍ കെട്ടിയിരിക്കുന്നത്. ഫുട്‌പാത്തിലൂടെ നടന്നു വരുന്നവര്‍ ശ്രദ്ധിക്കാതെ ഈ വയറില്‍ കുരുങ്ങി വീഴുന്നുമുണ്ട്. പോസ്‌റ്റ് ചെറുതായി ചലിച്ചാല്‍ പോലും സ്‌റ്റേ വയര്‍ കെട്ടിയിരിക്കുന്ന സ്ലാബ് തകര്‍ന്നു പോകും. പോസ്‌റ്റ് നിലംപൊത്തിയാല്‍ അതും കൂടുതല്‍ അപകടത്തിന് വഴി വെയ്‌ക്കും. നിരവധി പേരാണ് ഫുട്‌പാത്തിലുടെ നടന്നു പോകുന്നത്.
ഇരുട്ടു വീണാല്‍ പിന്നെ സ്‌റ്റേ വയര്‍ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. ജംഗ്ഷനില്‍ തന്നെ നടപ്പാതയ്‌ക്കു കുറുകെയാണ് സ്‌റ്റേവയര്‍ കെട്ടിയത്. കെ.എസ്.ഇ.ബി അവരുടെ സൗകര്യം നോക്കിയാണ് നടപ്പാതയിലേക്ക് സ്‌റ്റേ കമ്പി കെട്ടിയത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് നവീകരണം കഴിഞ്ഞതോടെ വാഹനങ്ങള്‍ വേഗത്തിലാണ് പോകുന്നത്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡില്‍ ഇറങ്ങി നടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ കാല്‍നട യാത്രികര്‍ ഫുട്‌പാത്താണ് സഞ്ചരിക്കാന്‍ ഉപയോഗിക്കുന്നത്. റോഡില്‍ ഇറങ്ങിയാല്‍ വണ്ടിയിടിച്ചും ഫുട്‌പാത്തില്‍ സഞ്ചരിച്ചാല്‍ സ്‌റ്റേ കമ്പിയില്‍ കുരുങ്ങിയും വീണ് അപകടം ഉണ്ടാകുമെന്നതാണ് അവസ്‌ഥ. സ്‌റ്റേ കമ്പി മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ടി.പിയും കെ.എസ്.ഇ.ബിയും ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.