റാന്നി: പെരുന്തേനരുവിയില്‍ ടൂറിസം സ്ഥലത്തേക്കുള്ള തെരുവു വിളക്കുകള്‍ കത്താതായിട്ട് നാളുകളായി. വെളിച്ചം ഇല്ലാതായതോടെ പെരുന്തേനരുവിയില്‍ എത്തുന്ന സഞ്ചാരികള്‍ ബുദ്ധിമുട്ടുകയാണ്. ഒരു മാസം മുമ്പ് മഴയോടൊപ്പം എത്തിയ മിന്നലില്‍ നശിച്ചതാണ് വിളക്കുകള്‍. ഇതോടെ പ്രദേശം പൂര്‍ണ്ണമായും ഇരുളിലായി. ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ സംരക്ഷണമില്ലാതായതോടെ ഭാഗികമായി വെളിച്ചമില്ലാതായി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ ആണ് കാടു കയറി നശിക്കുന്നത്. പാര്‍ക്കിംങ് ഗ്രൗണ്ടിലും അമിനിറ്റി സെന്‍ററിന്‍റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി എട്ടോളം സൗരോര്‍ജ്ജ വിളക്കുകളാണ് സ്ഥാപിച്ചത്. അടുത്ത സമയം വരെ എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ ചിലത് പൂര്‍ണ്ണ സമയം തെളിയാതെയായി.
കൃത്യമായ പരിചരണം ഇല്ലാതെ ആയതോടെയാണ് ഇവ പ്രകാശം ചൊരിയാതെ ആയത്. അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴെ സ്ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണ്ണമായും കാടിനുള്ളിലായി ഇപ്പോള്‍. സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി. സൗരോര്‍ജ്ജ പാനലുകള്‍ കാടു മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും. ഇതോടെ വിളക്ക് മിഴിയടയ്ക്കുകയും ചെയ്യും. ഇതു സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനാണ് ഉള്ളിലേയ്ക്ക് മാറ്റിയതെന്നാണ് അന്ന് പറഞ്ഞത്. കാടു കയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്ഥലം ഉരുളിലാവുകയും ചെയ്തു. തെരുവു വിളക്കുകളും സൗരോര്‍ജ വിളക്കുകളും ഇല്ലാതായതോടെ സഞ്ചാരികള്‍ ഇരുളുന്നതിന് മുമ്പായി സ്ഥലം കാലിയാക്കേണ്ട അവസ്ഥയാണ്.