തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാ സമരസമിതി നേതാവ് കെ പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന് സമരം ചെയ്യുന്ന ആശമാർക്കെതിരെ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം. “അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു ആർ ബിന്ദുവിന്റെ പരാമർശം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. ആശമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.