നെടുങ്കണ്ടം: സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാര്‍ഥി ക്ലാസിലെത്തി. കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ്സ് മുറി മുഴുവനും വീണു. വിദ്യാര്‍ഥിയുടെ കള്ളത്തരം ഇതോടെ പുറത്ത് ചാടി. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. ഉടന്‍തന്നെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് സംഭവം. സഹപാഠികള്‍ അധ്യാപകരെ അറിയിക്കുമെന്ന് മനസിലായപ്പോള്‍ തന്നെ കുട്ടി ക്ലാസില്‍ നിന്നും ഇറങ്ങി പോയി. വിവരം അറിഞ്ഞെത്തിയ അധ്യാപകര്‍ കുട്ടിയുടെ വീട്ടിലെത്തി കാര്യം ധരിപ്പിച്ചു.
ഇപ്പോള്‍ വിദ്യാര്‍ഥിയെ കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്കൂളും എക്സൈസ് വിഭാഗവും. ഇതിനു മുമ്പും വിദ്യാര്‍ഥി വീടിന്റെ തട്ടിന്‍പുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാര്‍ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.