കോന്നി : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുളത്തിങ്കൽ പേരൂർകുളം ഗവൺമെൻറ് എൽ പി സ്‌കൂളിന് അനുവദിച്ച കെട്ടിട നിർമ്മാണം എങ്ങും എത്തിയില്ല. അധ്യയന വർഷത്തിൽ മേള വാദ്യങ്ങളുടെ അകമ്പടിയോടെ മധുരം നൽകി സ്വീകരിക്കേണ്ട വിദ്യാർത്ഥികളെ പക്ഷേ സ്വീകരിച്ചത് ചെളി നിറഞ്ഞ സ്കൂൾ മുറ്റം ആയിരുന്നു. രാവിലെ സ്കൂളിൽ എത്തിയ അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് ഇന്റർലോക്ക് കട്ടകൾ ചെളിയിൽ നിരത്തി ഉറപ്പിച്ചതിന് ശേഷം ആണ് കുരുന്നുകൾ ക്ലാസിലേക്ക് നടന്നു കയറിയത്. നിലവിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കി എങ്കിലും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പയലിംഗ് നടത്തിയപ്പോൾ ഭൂമിക്ക് ഉറപ്പ് കുറവാണ് എന്ന് കണ്ടെത്തിയതാണ് ഇപ്പോൾ വിനയായത്. ഗുരു നിത്യ ചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്‌കൂളാണ് പേരൂർ കുളം ഗവണ്മെന്റ് എൽ പി സ്‌കൂൾ.
ഒന്നര നൂറ്റാണ്ടോളം പഴക്കം ചെന്ന കെട്ടിടം ആയിരുന്നു സ്‌കൂളിന് ഉണ്ടായിരുന്നത്. 2019 ൽ കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2021 നവംബറിൽ ഒന്നരകോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. പഴയ കെട്ടിടം പൊളിച്ച് നീക്കി ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ തൂണുകൾക്ക് കുഴി എടുത്തപ്പോൾ ഭൂമിയിൽ ജലാംശം കൂടുതൽ ആണെന്നും കണ്ടെത്തിയിരുന്നു. പുതിയ കെട്ടിടം നിർമിക്കുന്നത് കൂടുതൽ ഉറപ്പോടെ വേണം എന്നതിനാൽ കെട്ടിടം നിർമിക്കുന്ന ഭൂമിയുടെ ഉറപ്പ് അറിയുന്നതിനായി മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഈ പരിശോധനാ ഫലം പുറത്ത് വന്നപ്പോൾ ഭൂമിക്ക് ഉറപ്പ് കുറവാണെന്ന് കണ്ടെത്തി. മാത്രമല്ല മണ്ണ് ഉറപ്പുള്ളതല്ല എന്ന് തെളിഞ്ഞാൽ കെട്ടിടത്തിന്റെ രൂപരേഖ തന്നെ മാറ്റേണ്ടി വരും.
സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി ആർ സി കെട്ടിടത്തിൽ ആണ് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി ആർ സി യുടെ പ്രവർത്തനവും അവതാളത്തിൽ ആയി. സ്‌കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ്‌കൂൾ കെട്ടിടത്തിന് താത്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും. കോന്നി പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള പ്രീയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കുവാൻ ഇടക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരം കൂടുതൽ കാരണം ഇതും സാധ്യമല്ല. സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ വിദ്യാർത്ഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്‌കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.