മിമിക്രി ലോകത്ത് നിന്നെത്തി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മിമിക്രിക്കാരനില്‍ നിന്നും നടനും സംവിധായകനുമായി വളര്‍ന്ന സലിം കുമാര്‍. നര്‍മ്മരസം കലര്‍ന്ന നിരവധി സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും കരുത്തുറ്റ വേഷങ്ങള്‍ അവതരിപ്പിച്ച് ജനപ്രിയനായി മാറിയതാണ്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സലീം കുമാര്‍. തന്റെ വിശേഷങ്ങള്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പറഞ്ഞ് സലിംകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ എത്താറുണ്ട്.
ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ താരം പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.
ഇന്ന് താന്‍ 55-ാം ജന്മദിനം ആഘോഷിക്കുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ട് വ്യത്യസ്തമായ എന്നാല്‍ രസകരമായ ഒരു കുറിപ്പ് പങ്കിട്ടാണ് താരമെത്തിയിരിക്കുന്നത്. 54 കഴിഞ്ഞ് 55 ലേക്ക് കയറിയെങ്കിലും തന്റെ ഈ യാത്ര അവസാനിക്കാറായി ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചെരിഞ്ഞു കഴിഞ്ഞു എന്നും എനിക്ക് വേണ്ടി രൂപാന്തരപ്പെട്ട ചുഴിയില്‍ അകപ്പെടാതെ യാത്ര തുടര്‍ന്നേ പറ്റൂ എന്നും താരം കുറിക്കുന്നു. ‘‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല .എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം…സ്നേഹപൂർവ്വം…നിങ്ങളുടെ സലിംകുമാർ…’’ എന്നാണ് തന്റെയൊരു കാര്‍ട്ടൂണ്‍ ചിത്രത്തിനൊപ്പം സലീം കുമാര്‍ കുറിച്ചിരിക്കുന്നത്.
താരത്തിന്റെ ജന്മദിനാശംസ പോസ്റ്റിനു പിന്നാലെ പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഇങ്ങനെ പേടിച്ചാലോ? നിങ്ങളൊക്കെ മരിച്ചു കഴിഞ്ഞാലും നിങ്ങളുടെ അടയാളങ്ങള്‍ അവിടെ അവിടെ ആയി ഒക്കെ കാണും. ഇത് ഒന്നും ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ള മനുഷ്യരെ കുറിച്ച് ചിന്തിച്ചിട്ട് ഉണ്ടോ? അത് ചിന്തിച്ചാല്‍ ബഹു രസമാ, നൂറ്റാണ്ടുകള്‍ കടന്ന് ജീവിക്കാന്‍ താങ്കള്‍ നടത്തിയ അതിഗംഭീരമായ പരകായപ്രവേശം മാത്രം മതിയാകും. ഇനിയുമെത്രയെത്ര കഥാപാത്രങ്ങള്‍ ചെയ്യാനിരിക്കുന്നു, സലീമേട്ടാ രാവിലെ തന്നെ ബേജാറാക്കല്ലേ. ചിരിച്ച് കൊണ്ട് ഫൈറ്റ് ചെയ്യുക. ചുറ്റുമുള്ള വേറെ വഞ്ചികളിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ അതിലും കൂടുതല്‍ ഓട്ടകള്‍ കാണും. അതുകൊണ്ട് വെള്ളം കേറിയാലും ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കും, വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിനു മുന്നിലൂടെയുള്ള റോഡിലൂടെ ആദ്യ ബസ് ഓടി തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം ബസില്‍ പോകവേ ആണ് വഴിയില്‍ വെച്ച് റോഡരികില്‍ നില്‍ക്കുന്ന സലിം കുമാര്‍ എന്ന നടനെ ആദ്യമായി കാണുന്നത്. മുമ്പ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ മുഖം നേരിട്ട് ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ആ ഒരു ആദ്യ കാഴ്ച്ച ആയിരുന്നു എങ്കില്‍ കൂടി വളരെ കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നീട് പല ഷൂട്ടിംഗ് ലൊക്കേഷനുകളില്‍, നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ സെലിബ്രേഷന്‍ (നോര്‍ത്ത് പറവൂര്‍ ടൗണ്‍ ഹാളില്‍) അങ്ങനെ പലയിടത്തും അകലെ നിന്നെങ്കിലും കാണാന്‍ സാധിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് അധികം തുഴയാനുള്ള ഊര്‍ജവും ശക്തിയും ആരോഗ്യവും സര്‍വേശ്വരന്‍ ഒരുപാട് തരട്ടെ, തരും… ജന്മദിനാശംസകള്‍ സലിമേട്ടാ… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.