ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ട ഹര്‍ജിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും. കേസില്‍ രണ്ട് കോടതികള്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും തലയ്ക്ക് മുകളിലായി ഈ ഹര്‍ജി നിലനില്‍ക്കുകയാണെന്നും ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്‍റെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഹ്രസ്വമായ വാദം കേള്‍ക്കലേ ആവശ്യമുള്ളുവെന്നും ഫ്രാന്‍സിസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറും അഭിഭാഷകന്‍ എം.എല്‍ ജിഷ്ണുവും ചൂണ്ടിക്കാട്ടി. കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചു. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാം. എന്നാല്‍ വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.