ദില്ലി:ലാവ്‍ലിൻ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്.
ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നത് മൂന്നാഴ്‌ചത്തെക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എം എൽ ജിഷ്ണു കത്തു നൽകി. ഇത് അനുവദിക്കുമോയെന്നത് കേസ് പരിഗണിക്കുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും വാദം തുടരുന്നതിനാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല.