അടൂർ: കർട്ടനും സ്വർണവും തവണ വ്യവസ്ഥയിൽ വില്പന നടത്തുന്നയാളാണെന്ന് വീട്ടിലെത്തി പറഞ്ഞ് വിശ്വസിപ്പിച്ച് പതിനേഴുകാരൻ്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരിവാങ്ങി മുങ്ങിയ പ്രതിയെ പോലീസ് ആറു മാസത്തിന് ശേഷം കുടുക്കി. മാർച്ച് നാലിന് രാവിലെ 11 മണിയോടെ പൂതങ്കര വലിയവിള മേലേതിൽ സതീശൻ്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന കുട്ടിയെ കബളിപ്പിച്ച് ആറു ഗ്രാം തൂക്കമുള്ള സ്വർണ്ണമാല തട്ടിയെടുത്ത് കടന്ന കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശ്ശേരി മാവോലി വടക്കേതിൽ വീട്ടിൽ അനിയൻ കുഞ്ഞെന്ന് വിളിക്കുന്ന അനി(42)യാണ് പിടിയിലായത്. കർട്ടനും സ്വർണവും തവണ വ്യവസ്ഥയിൽ വില്പന നടത്തുന്നയാളാണെന്ന് കുട്ടിയോട് പരിചയപ്പെടുത്തി. തുടർന്ന് കുട്ടിയിൽ നിന്നും അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച ശേഷം അമ്മ പറഞ്ഞതാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുട്ടിയുടെ കഴുത്തിൽ കിടന്ന മാല ഊരി വാങ്ങുകയായിരുന്നു.
കടയിൽ പോയി തൂക്കം നോക്കി വരാമെന്ന് പറഞ്ഞ് പിന്നീട് ഇയാൾ സ്ഥലംവിട്ടു.
പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉപയോഗിക്കുന്ന ഫോൺ പെരുമ്പെട്ടിയിലെ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നും പ്രതി അത് കബളിപ്പിച്ചു കൈക്കലാക്കിയതാണെന്നും വ്യക്തമായി. കൂടാതെ റാന്നി, എരുമേലി, കോന്നി, കൂടൽ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ആളുകളെ തവണ വ്യവസ്ഥയിൽ ഫർണിച്ചർ ഉരുപ്പടികൾ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി പണം തട്ടിയെടുത്തതായും വെളിപ്പെട്ടു. ആളുകളെ പറ്റിച്ച് തട്ടിപ്പ് നടത്താൻ വേണ്ടി മാത്രമാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നത് എന്നും ശരിയായ പേരോ വിലാസമോ ആരോടും വെളിപ്പെടുത്തിയിട്ടില്ല എന്നും അടൂർ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
പിന്നീട് ഊർജിതമാക്കിയ അന്വേഷണത്തിൽ ഇയാളുടെ ശരീരപ്രകൃതവും സഞ്ചരിച്ച വാഹനത്തെകുറിച്ചും സൂചന ലഭിച്ചു. ചുവപ്പു നിറത്തിലുള്ള സ്‌കൂട്ടറാണെന്നും വണ്ടിയുടെ നമ്പറും പിന്നീട് പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോൺ വിവരങ്ങൾ ലഭ്യമാക്കിയപ്പോൾ ഫോൺ ഇയാളുടെ സുഹൃത്ത് ഉപയോഗിച്ചതായും വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസ് സംഘത്തിന് ലഭിച്ചു. പ്രതിയുടെ നിലവിലെ ഫോൺ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്തോട അന്നേ ദിവസത്തെ സ്ഥലത്തെ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കി. അങ്ങനെയാണ് പ്രതി ഇയാളെന്ന് ഉറപ്പാക്കിയതും കീരിക്കാട്ടിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തതും. സ്‌കൂട്ടറിൽ കറങ്ങി നടന്ന് പലസ്ഥലങ്ങളിൽ തവണ വ്യവസ്ഥയിൽ കർട്ടനിട്ടു നൽകാമെന്നും സ്വർണ്ണവും മറ്റും നൽകാമെന്നും പറഞ്ഞ് പലരെയും കബളിപ്പിച്ചിട്ടുള്ള ആളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വീടിനടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ വീട്ടുമുറ്റത്തുനിന്നും സ്‌കൂട്ടർ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ പിടിച്ചെടുത്തു. കബളിപ്പിച്ച് കൈക്കലാക്കിയ മാല ചെട്ടികുളങ്ങരയിലെ ഒരു കടയിലും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ മാവേലിക്കരയിലെ ഒരു ലോട്ടറി കച്ചവടക്കാരനും വിറ്റതായി കുറ്റസമ്മതമൊഴിയിൽ ഇയാൾ വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്.ഐമാരായ ബാലസുബ്രഹ്മണ്യൻ, രഘുനാഥൻ എസ് സി പി ഓമാരായ രാജീവ്, ശ്യാം, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.