ചെന്നൈ: തമിഴ്‌നാട് സർക്കാർ ഉടമസ്ഥതയിലുള്ള സ്‌കൂൾ, കോളജ് ഹോസ്റ്റലുകളുടെ പേര് ‘സാമൂഹിക നീതി ഹോസ്റ്റലുകൾ’ എന്ന് മാറ്റാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തിങ്കളാഴ്ചയാണ് ഹോസ്റ്റലുകളുടെ പേര് മാറ്റിയതായി മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചത്. വിവേചനങ്ങൾക്കെതിരെയുള്ള നീക്കമാണിതെന്ന് സ്റ്റാലിൻ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകൾക്ക് കീഴിൽ വിദ്യാർഥികൾക്കായി തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ ഇനിമുതൽ സാമൂഹിക നീതി ഹോസ്റ്റലുകൾ എന്നറിയപ്പെടും. ഡിഎംകെ ഭരണത്തിന് കീഴിൽ ജാതിയുടെയോ വർഗത്തിന്റെയോ പേരിലുള്ളതടക്കം യാതൊരു തരത്തിലുള്ള വിവേചനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഔദ്യോഗിക രേഖകളിൽ നിന്നും ‘കോളനി’ എന്ന പദപ്രയോഗം ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനവും സാമൂഹിക നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സ്റ്റാലിൻ പറഞ്ഞു. കോളനി എന്ന പദം ‘അധികാരത്തിന്റെയും’ ‘തൊട്ടുകൂടായ്മയുടേയും’ ചിഹ്നമായി മാറി. അതിനാലാണ് സർക്കാർ രേഖകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ഈ വാക്ക് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. സ്‌കൂളുകളിലെ ജാതി വിവേചനങ്ങളെ പറ്റി പഠിക്കാനും പ്രതിരോധിക്കാൻ നിർദേശങ്ങൾ നൽകുന്നതിനുമായി മുൻ ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിച്ചിരുന്നു. സ്‌കൂളിലെ പേരിൽ നിന്നും ജാതി വാലുകൾ ഒഴിവാക്കണമെന്ന കമ്മീഷൻ നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. ഇത് കൂടാതെ ജാതീയവും വർഗീയവുമായ സംഘർഷങ്ങൾ പ്രതിരോധിക്കുന്നതിനുമായുള്ള നടപടികളടങ്ങിയ ഉത്തരവ് ജൂൺ 25ന് പുറപ്പെടുവിച്ചതായും സ്റ്റാലിൻ പറഞ്ഞു.