പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ ചൂട് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ നിന്ന് വിഭിന്നമായി പകല്‍ താപനിലയോടൊപ്പം രാത്രി താപനിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഉഷ്ണം അസഹനീയമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെയും ( സാധാരണയെക്കാള്‍ 3°C മുതല്‍ 4°C വരെ കൂടുതല്‍ ) കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും (സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.