റാന്നി: റാന്നി തെക്കേപ്പുറത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയിക്കൽ അടവീശ്വര മഹാദേവ ക്ഷേത്രത്തിൻ്റെ തൊട്ടു താഴെയുള്ള ആയിക്കൽകുന്ന് ഇടിച്ചു നിരത്തി ക്ഷേത്രത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുവാനുള്ള മണ്ണു മാഫിയയുടെ നീക്കം അവസാനിപ്പിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ, സെക്രട്ടറി എം. ആർ ശിവപ്രകാശ്, ബി.വി.എസ്’ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ അജിത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രകൃതിദത്തമായ ഈ ക്ഷേത്ര ഭൂമിയുടെ പ്രദേശം റോഡിൽ നിന്ന് 41 അടി ഉയരത്തിൽ 60 ഡിഗ്രി ചരിവോടെ കുത്തനെയുള്ള മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായ ക്ഷേത്രം ഭരണസമിതിയുടേയും പ്രദേശവാസികളായ ഭക്തജനങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റിയുടെ നേതൃത്വത്തിൽ പണികള്‍ നടത്തി വരികയാണ്. ഈ ക്ഷേത്ര ഭൂമിയോടെ ചേർന്നുള്ള സ്ഥലം വലിയ രണ്ടു മണ്ണുമന്തിയന്ത്രം ഉപയോഗിച്ച് ഒരാഴ്‌ചയായി അനകൃതമായി മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിനും ക്ഷേത്ര ഭൂമിക്കും പ്രകൃതിക്കും ദോഷം വരുന്ന രീതിയിലുള്ള ഭീകരമായ പ്രകൃതി നശീകരണമാണ് മണ്ണിമാഫിയയുടെ ഇടപെടലിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.
ഈ സ്ഥലത്ത് മണ്ണെടുക്കുന്ന പ്രവർത്തനം അവസാനിപ്പിക്കുവാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പത്ര സമ്മേ ളനത്തിൽ ഇവര്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ലോല മേഖലയായ ഈ പ്രദേശത്ത് നിന്നും 6735.05 എം ക്യൂബിക് മണ്ണ് എടുക്കുവാൻ 900 ത്തോളം പാസുകളും ഒരുമാസ ത്തിനു മുകളിൽ സമയവും കൊടുത്തിരിക്കുന്നതിൽ ദുരൂഹത ഉണ്ടെന്ന് ഇവര്‍ ആരോപിച്ചു. റാന്നി പഞ്ചായത്തും റാന്നി വില്ലേജും ജിയോളജി വകുപ്പും മണ്ണു മാഫിയയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുവാണെന്നും ആരോപണമുയര്‍ന്നു.
ഹൈക്കോടതിയെ തെറ്റി ധരിപ്പിച്ച് വീടു വെയ്ക്കുവാനാണ് എന്ന മറവിൽ മണ്ണുകച്ചവടമാണ് ഇവിടെ നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി, എൻഞ്ചിനീയർ, ജിയോളജിസ്റ്റ് എന്നിവർ അടങ്ങുന്ന സംഘം പരിശോധിച്ച് ആവ ശ്യമായ നടപടി എടുക്കണമെന്ന കോടതിയുടെ ഉത്തരവിൻ്റെ മറവിൽ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണ്ണെടുപ്പ് തുടരുകയാണ്. ഇതിനെതിരെ പ്രദേശവാസികളേയും പരിസ്ഥിതി പ്രവർത്തകരേയും സഹകരിപ്പിച്ചുകൊണ്ട് വൻപിച്ച പ്രക്ഷോഭത്തിലേക്ക് പോകുവാൻ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചു. പത്ര സമ്മേ ളനത്തിൽ ക്ഷേത്രം ജോ. സെക്രട്ടറി മുരളി പന്തളം, സന്തോഷ് ജി നായർ, രമ്യ രാജേഷ്, കെ.പി ചന്ദ്രൻ എന്നിവരും പങ്കെടുത്തു.