റാന്നി: അനധികൃതമായി കടത്തിയ ആറ്റുമണൽ പിടിക്കാൻ പിന്തുടർന്ന പോലീസിന്റെ വാഹനത്തിന് മുന്നിൽ റോഡിൽ മണൽ തട്ടിയ ശേഷം രക്ഷപ്പെട്ട ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. എരുമേലി തെക്ക് മുട്ടപ്പള്ളി പതാലിൽ വീട്ടിൽ ബിച്ചു ബിജു (19) വാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 17 ന് പുലർച്ചെ 5.40 ഓടെ വെച്ചൂച്ചിറ കുളമാംകുഴിയിലാണ് സംഭവം. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ രാത്രികാല പട്രോളിംഗ് സംഘത്തിന് നേരെയാണ് അനധികൃതമായി പുഴമണൽ കടത്തിയ ടിപ്പർ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവേ ഇത്തരത്തിൽ ആക്രമണം ഉണ്ടായത്. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃത മണൽ കടത്തിനും രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ ഒന്നാം പ്രതിയായ ഡ്രൈവർ ബിച്ചുവിനെ വീട്ടിൽ നിന്നും ഇന്നലെ ഉച്ചക്ക് പിടികൂടുകയായിരുന്നു.
ടിപ്പറിൽ അനധികൃതമായി മണൽ കടത്തിയത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനത്തിന്റെ മുകളിലേക്കും റോഡിലേക്കും ടിപ്പറിൽ നിന്നും മണൽ തട്ടുകയായിരുന്നു. തുടർന്ന് ടിപ്പർ പെട്ടെന്ന് വിട്ടുപോകുകയും ചെയ്തു. പെട്ടെന്ന് പോലീസ് ജീപ്പിന്റെ ഡ്രൈവർ വാഹനം പിന്നോട്ട് എടുത്തതിനാൽ അപകടം ഒഴിവായി. എ എസ് ഐ സുഭാഷ് കുമാർ, സി പി ഓ അലക്സ് പി മാത്യു എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. അലക്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം കിടന്ന 150 അടിയോളം മണൽ പോലീസ് നീക്കം ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുകയും തുടർന്ന് കോടതിക്ക് കൈമാറുകയും ചെയ്തു.
അന്വേഷണത്തിൽ ടിപ്പറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ വിദേശത്താണെന്ന് വ്യക്തമായി. ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തുകയും പിതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി നോട്ടീസ് നൽകുകയും ചെയ്തു. ടിപ്പർ കഴിഞ്ഞവർഷം മാർച്ചിൽ മുക്കൂട്ടുതറ മനുസദനം വീട്ടിൽ മനു എന്നയാൾക്ക് വിറ്റിരുന്നതായി വെളിവായി. എന്നാൽ ആർ സി ബുക്കിൽ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. മാറ്റാമെന്ന് മനു ഉറപ്പുനൽകിയിരുന്നതായി വെളിപ്പെട്ടു. ഇപ്പോൾ ടിപ്പർ ഉപയോഗിക്കുന്നത് മനുവാണെന്ന് കണ്ടെത്തിയതിനെതുടർന്ന് ഇയാളെ ബന്ധപ്പെട്ടിരുന്നു. മൂന്നുലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും 2022 മാർച്ചിൽ കച്ചവടം നടന്നശേഷം വിദേശത്തേക്ക് പോയതായും ഉടമ മൊഴിനൽകി. മനുവിനെ രണ്ടാം പ്രതിയാക്കി അന്വേഷണം തുടർന്നു. ഇത് മനസിലാക്കിയ ഇയാൾ ഒളിവിൽ പോയി. സംഭവം നടക്കുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നതായി മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ എടുത്തപ്പോൾ വ്യക്തമായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെത്തി പോലീസ് നോട്ടീസ് നല്‍കി. പിന്നീടാണ് ഒന്നാം പ്രതിയായ ഡ്രൈവർ പിടിയിലായത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കുകയാണ് ബിച്ചു.
രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ അയാളുടെ ആവശ്യപ്രകാരം ഇടയ്ക്കിടെ ഓടിക്കാൻ പോകാറുണ്ടെന്ന് ഇയാൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മണലും നിർമാണസാമഗ്രികളും കയറ്റിപ്പോകുന്നതിനാണ് വിളിക്കാറെന്നും സംഭവദിവസം പുലർച്ചെ 4 മണിക്ക് ആശുപത്രിയിൽ നിൽക്കുമ്പോൾ ഒരു ലോഡ് മണൽ കയറ്റിക്കൊണ്ടുപോകാമോ എന്ന് ഫോണിൽ മനു വിളിച്ചു ചോദിച്ചപ്പോൾ സമ്മതിച്ച് പോയതാണെന്നും ഇയാൾ വെളിപ്പെടുത്തി. ബൈക്കിൽ മനുവിന്റെ വീടിനു സമീപമുള്ള ഗ്രൗണ്ടിൽ എത്തിയപ്പോൾ മനുവിനോപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവർ പിക് അപ്പ് വാനിൽ നിന്നും ടിപ്പറിലേക്ക് മണൽ നിറച്ചു. തുടർന്ന് ഇയാളും മനുവും ടിപ്പറിൽ വെച്ചൂച്ചിറ ഭാഗത്തേക്ക് ഓടിച്ചുപോയി. വെച്ചൂച്ചിറ സെന്റ് തോമസ് പടിയിൽ ഇറക്കാനാണ് നിർദേശം കിട്ടിയത്.
വെൺകുറിഞ്ഞി കയറ്റത്തിന് സമീപമെത്തിയപ്പോൾ പോലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടു. പോലീസ് ജീപ്പിനെ കയറ്റിവിടരുതെന്നും വേഗത്തിൽ ടിപ്പർ വിടാനും മനു നിർദേശിച്ചു. അതിവേഗത്തിൽ വെട്ടിച്ച് ഓടിച്ചുപോയ ബിച്ചുവിനോട് പോക്കറ്റ് റോഡ് കണ്ടപ്പോൾ അവിടേക്ക് ഓടിച്ചുകയറ്റാൻ ആവശ്യപ്പെട്ടു. പോലീസ് ജീപ്പ് പിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലായപ്പോൾ മണൽ തട്ടാൻ ആവശ്യപ്പെടുകയും ബിച്ചു അങ്ങനെ ചെയ്യുകയുമായിരുന്നു. ഈസമയം അപകടം മനസ്സിലാക്കിയ ജീപ്പ് ഡ്രൈവർ പോലീസ് വാഹനം പെട്ടെന്ന് പിന്നിലേക്ക് എടുക്കുന്നതും പ്രതികൾ കണ്ടു.
തുടർന്ന് രണ്ടാം പ്രതി പറഞ്ഞതനുസരിച്ച് ടിപ്പർ കരിക്കാട്ടൂർ സെന്റർ എന്ന സ്ഥലത്തേക്ക് പോയി അവിടെയുള്ള ഹോളോ ബ്രിക്സ് കമ്പനിയുടെ സമീപത്തെ റബ്ബർ തോട്ടത്തിൽ ലോറി കയറ്റിയിട്ട ശേഷം സ്ഥലം വിടുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ടിപ്പർ ലോറി പിടിച്ചെടുത്തു. പരിശോധനയിൽ വണ്ടിയുടെ നമ്പർ പ്ലേറ്റ് നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ലോറി പിന്നീട് കോടതിക്ക് കൈമാറി. കോടതി ജാമ്യം നിരസിച്ചതിനെതുടർന്ന് ഒളിവിൽ പോയ രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം തുടരുകയാണ്. ബിച്ചുവിനെ കോടതിയിൽ ഹാജരാക്കി.