തിരുവല്ല: എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ നിരണം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസിലെ അലക്സ് പുത്തൂപ്പള്ളി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ബുധനാഴ്ച രാവിലെയാണ് അഞ്ച് അംഗങ്ങൾ ഉൾപ്പെട്ട എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. 13 അംഗ പഞ്ചായത്ത് സമിതിയിൽ ഏഴുപേർ അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട കെ.പി. പുന്നൂസ്, സ്വതന്ത്ര അംഗവും വൈസ് പ്രസിഡന്റുമായ അന്നമ്മ ജോർജും പ്രമേയത്തെ പിന്തുണച്ചു.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പുന്നൂസിന് കോൺഗ്രസ് ജില്ല നേതൃത്വം വിപ്പ് നൽകിയിരുന്നില്ല. 2024 ഒക്ടോബർ 18ന് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അലക്സിന് അനുകൂലമായി വോട്ടു ചെയ്തവരാണ് ഇരുവരും. ആറുമാസത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അന്നമ്മയെ പ്രസിഡന്റാക്കാമെന്ന ഉറപ്പ് അലക്സ് ലംഘിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൂടിയാണ് അവിശ്വാസത്തെ അനുകൂലിച്ചത്. പുളിക്കീഴ് ബ്ലോക്ക് അസി. ബി.ഡി.ഒ കെ. വിനീതയുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.