മല്ലപ്പള്ളി: മലങ്കര സഭ എന്നും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത്. സർക്കാർ പരിഗണനയിൽ ഇരിക്കുന്ന ബിൽ ശാന്തിക്ക് പകരം അശാന്തി സൃഷ്ടിക്കും എന്നതിനാൽ സഭ എന്ത് വില കൊടുത്തും അതിനെ പ്രതിരോധിക്കും എന്നും ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ മാർത്തോമൻ പൈതൃക സംഗമത്തിന്റെ ദീപശിഖ പ്രയാണത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
യോഗത്തിൽ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അഭി ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകി. യോഗത്തിൽ ആന്റോ ആന്റണി എം. പി., ജോസഫ് എം. പുതുശ്ശേരി എക്‌സ് എം. എൽ എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, നിരണം ഭദ്രാസന സഭാ സെക്രട്ടറി റവ. ഫാ. അലക്സാണ്ടർ ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ, റവ. ഫാ. ജിനു ചാക്കോ, റവ. ഫാ. റെജിൻ സി. ചാക്കോ, സജി മാമ്പറക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.