കോഴഞ്ചേരി: രാത്രിയില്‍ മുന്നറിയിപ്പില്ലാതെ വാട്ടര്‍ടാങ്ക് തുറന്നു വിട്ട് ജലഅതോറിറ്റി. മിന്നല്‍ പ്രളയമാണെന്ന് കരുതി നാട്ടുകാര്‍ ഭയന്നോടി. കുരങ്ങുമലയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഉരുള്‍ പൊട്ടിയതാണ്പഞ്ചായത്തിലെ കുരങ്ങുമല വാര്‍ഡ്. ഇവിടെയാണ് രാത്രിയില്‍ ഭീതി പരത്തും വിധം വെള്ളം ചീറിപ്പാഞ്ഞത്. പലരും ഇറങ്ങി ഓടാന്‍ ശ്രമിക്കുകയും സാധനങ്ങള്‍ മാറ്റുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പിനെയും വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ജലവിഭവ വകുപ്പിന്റെ അധീനതയില്‍ ഉള്ള കുരങ്ങുമല ടാങ്ക് തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചില്‍ പോലെ ഒഴുക്ക് ഉണ്ടാകാന്‍ കാരണമായതെന്ന് കണ്ടെത്തി.
50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വലിയ കിണര്‍ തുറന്നു വിട്ടപ്പോള്‍ ഓടകളിലൂടെ പോകേണ്ട വെള്ളം ജനവാസ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജനപ്രതിനിധിയും നാട്ടുകാരും സംഘടിച്ച് എത്തി ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അധികൃതര്‍ ടാങ്ക് അടച്ചു. വീണ്ടും ഏറെ നേരം വെള്ളമൊഴുക്ക് തുടര്‍ന്നു. കോഴഞ്ചേരി പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റാണ് കുരങ്ങുമലയില്‍ സ്ഥാപിച്ചിട്ടുള്ളത്. പമ്പയാറ്റില്‍ നിന്നും പമ്പ് ചെയ്ത് ഇവിടേക്ക് എത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
പ്ലാന്റിന്റെ അടിവാരത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാലവര്‍ഷത്തില്‍ കാര്യമായ നഷ്ടമാണ് അടുത്ത കാലങ്ങളില്‍ ഇവര്‍ക്ക് ഉണ്ടാകുന്നത്. അതിനിടയിലാണ് ഇപ്പോള്‍ മുന്നറിയിപ്പില്ലാതെ ടാങ്ക് തുറന്ന് വിട്ട് ജലം ഒഴുക്കി കൃത്രിമ പ്രളയം ഉണ്ടാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് സംബന്ധിച്ച് രാത്രി തന്നെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെകിലും ടാങ്ക് അടക്കാന്‍ അവര്‍ തയാറായില്ല. പിന്നീട് പഞ്ചായത്തംഗം ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ് ടാങ്ക് തുറന്നു വിട്ടതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. വിവരങ്ങള്‍ കൈമാറുന്നതില്‍ ഉണ്ടായ പിഴവാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതെന്ന് പറയുന്നു. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ടാങ്ക് തുറന്ന് വിട്ടതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ് ജല അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി.