റാന്നി: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ കനത്തതോടെ പമ്പാനദിയിൽ ക്രമാതീതമായി വെള്ളമുയർന്നു. നദിയിൽ നിർമ്മിച്ചിട്ടുള്ള അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ് വേകൾ മൂടി വെള്ളമൊഴുകുന്നതിനാൽ മറുകരയിലേക്ക് കടക്കാനാവാതെ ആളുകൾ വലയുകയാണ്. അറയാഞ്ഞിലിമൺ കോസ് വെ രണ്ടു ദിവസമായി വെള്ളത്തിനടിയിലായതു മൂലം മറുകരയിലെ നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കുരുമ്പൻ മൂഴിയിലെയും സ്ഥിതി ഇതുതന്നെയാണ്. ആദിവാസികളടക്കം നിരവധി കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ശനി ഉച്ച മുതൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ ചെറു തോടുകൾ കരകവിഞ്ഞു ഒഴുകിയത് ആളുകളിൽ ഭീതി ഉണർത്തിയിരുന്നു.
കാടുകളിൽ നിന്നും ഉത്ഭവിക്കുന്ന തോടുകളിലും ഉരുൾ പൊട്ടൽ ഉണ്ടായതു പോലെ മഴവെള്ളം വേഗത്തിൽ എത്തിയതോടെയാണ് ആളുകൾ പരിഭ്രാന്തരായത്. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതോടെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടായി. ശക്തമായ മഴ പെയ്തതും തോടുകൾ കര കവിഞ്ഞതോടെയും പമ്പയിൽ ജലനിരപ്പ് ഉയർന്നിരുന്നു. മുമ്പ് ഈ പ്രദേശത്തു രണ്ടു തോടുകളിലായി മൂന്ന് തവണ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിൽ രണ്ടു വീടുകൾ വാസ യോഗ്യമല്ലാതാവുകയും നിരവധി കൃഷിയിടങ്ങൾ നശിച്ചു പോകുകയും ചെയ്തിരുന്നു. വീട് നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൂർണമായും വാസയോഗ്യമല്ലാതായ വീടുകൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭ്യമാക്കിയത്. കൂടാതെ കൃഷിഭൂമിയും കൃഷിയും നശിച്ചവർക്ക് യാതൊരു നഷ്ടപരിഹരവും കിട്ടിയിട്ടുമില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. മുൻ വർഷത്തെ വെള്ളപ്പൊക്ക കെടുതിയെത്തുടർന്ന് കനത്ത തോതിൽ മണ്ണും ചെളിയും അടിഞ്ഞ് പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ തടയണയുടെ ആഴം കുറഞ്ഞതിനാല്‍ കനത്ത മഴയിൽ പെട്ടെന്നു നിറയുന്നതിനാൽ തൊട്ടു മുകളിലുള്ള കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറുന്നത് വേഗമാണ്.
പലതവണകളിലായി തടയണയിലെ ചെളി നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായിട്ടില്ലയെന്ന് നിലവിലെ സ്ഥിതി കണ്ടാല്‍ മനസിലാകും. തടയണ നിറഞ്ഞതോടെ വൈദ്യുതി വകുപ്പ് ഷട്ടറുകൾ തുറന്ന് വെള്ളം താഴേക്ക് ഒഴുക്കിക്കളയുന്നുണ്ടെങ്കിലും കോസ് വേയിൽ നിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും. വൈദ്യുത പദ്ധതിക്കായി തടയണ നിർമ്മിച്ച ശേഷം വേനലിൽ തീർത്തും വറ്റിപോകുന്ന പെരുന്തേനരുവി ഇപ്പോൾ സംഹാര ഭാവം പൂണ്ടു ഒഴുകുന്ന കാഴ്ച ആരെയും ആകർഷിക്കും. പെരുന്തേനരുവി തടയണയിൽ നിന്ന് തോടു വഴി വെള്ളം കുരുമ്പൻമൂഴിയിലെ ജനവാസ മേഖലയിലേക്ക് കയറുമെന്നതിനാൽ ഇവിടുത്തെ താമസക്കാർ ഭീതിയിലാണ്.
മുൻ വർഷം തീരമേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. ഇത്തവണയും മഴ കനക്കുകയും നദി ജലം ഉയർന്നു വരുകയും ചെയ്ത സാഹചര്യത്തില്‍ വീടുകളിൽ നിന്ന് നാട്ടുകാർ ചേർന്ന് സാധന സാമഗ്രികൾ നീക്കുകയും കുടുബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുക്കം കോസ് വേയും സമാന അവസ്ഥയിലാണ്. എന്നാല്‍ ഇവിടെ ഇരു കരകളിലും എത്തി ചേരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍ പ്രശ്നം രൂക്ഷമല്ല. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഉപാസന കടവില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളം കയറിയിരുന്നു.