വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ എക്സിൽ പോസ്റ്റുചെയ്ത ചില കുറിപ്പുകളിൽ ഇലോൺ മസ്ക് നടത്തിയ ഖേദ പ്രകടനം ട്രംപ് അംഗീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ബുധനാഴ്ച അറിയിച്ചു. ജനക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. തന്‍റെ ചില പോസ്റ്റുകൾ അൽപം കടന്നുപോയെന്നും ഇതിൽ ഖേദിക്കുന്നുവെന്നും മസ്ക് എക്സിൽ കുറിച്ച് മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം. “ഇലോൺ ഇന്ന് രാവിലെ പോസ്റ്റുചെയ്ത പരാമർശം പ്രസിഡന്‍റ് അംഗീകരിച്ചിരിക്കുന്നു. അമേരിക്കൻ ജനതയുടെ ക്ഷേമത്തിനാണ് ഞങ്ങൾ ശ്രദ്ധ നൽകുന്നത്. സർക്കാറുമായുള്ള മസ്കിന്‍റെ കരാറുകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല” -കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
അതേസമയം ഖേദപ്രകടനത്തിനു മുമ്പ് മസ്ക് ട്രംപിനെ ഫോണിൽ വിളിച്ചിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവർ മസ്കുമായി സംസാരിച്ചിരുന്നു. ഇതിൽ അനുനയ നീക്കമുണ്ടായെന്നാണ് സൂചന. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കു പിന്നാലെയാണ് മസ്കും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സർക്കാർ വകുപ്പിന്‍റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്ക് രംഗത്ത് വന്നിരുന്നു. ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ പ്രസിഡന്‍റ് ട്രംപിന്‍റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെയാ മസ്ക് ഈ പോസ്റ്റ് പിൻവലിച്ചു.