പെൺനോവുകളിലേക്കും ചിന്തകളിലേക്കും ലോകത്തിന്റെ ശ്രദ്ധ പതിക്കുന്ന ദിനമാണ് ഇന്ന്, അതാണ് വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 8-ന് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിക്കുന്നു. 1910-ൽ ജർമ്മനിയിലെ കോപ്പൻഹേഗൻ സമ്മേളനത്തിൽ തുടങ്ങി ലോകമെമ്പാടും പടർന്നെങ്കിലും നൂറ്റാണ്ടിനിപ്പുറവും അതിജീവനത്തിനായി, അവകാശങ്ങളുടെ അംഗീകാരത്തിനായി നിരന്തരം പോരാടേണ്ട അവസ്ഥയിലാണ് സ്ത്രീകൾ.
പെണ്ണായി പിറന്നതിലുള്ള അഭിമാനവും സന്തോഷവും ആഘോഷമാവുമ്പോഴും പലയിടത്തും, അത് കൊണ്ടു തന്നെ അവൾ ചുമക്കേണ്ടി വരുന്ന ദുരന്തങ്ങളുടെ ഭാരവും ചിലപ്പോഴൊക്കെ വലുതാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം, അസമത്വം, പീഡനം തുടങ്ങി അവളുടെ ജീവിതത്തിൽ നരകതുല്യമായ അനുഭവങ്ങൾ നൽകുന്ന നിരവധി അവസ്ഥകളുണ്ട്. പുരുഷന്റെ ലോകം സ്ത്രീക്ക് അപമാനം നൽകുന്ന അവസ്ഥയിൽ നിന്ന് മാറിയാലേ ഈ ദിനത്തിന് പ്രസക്തിയുള്ളൂ. നിയമങ്ങൾ പ്രായോഗികമാവുന്ന, പെണ്ണിന്റെ പ്രതികരണത്തിന് വില നൽകുന്ന സാമൂഹ്യാന്തരീക്ഷം ഓരോ സ്ത്രീയുടെയും അവകാശമാണ്.
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചത്.