കോട്ടയം : കിടങ്ങൂരിൽ കൂടംകുളം വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയ നീക്കത്തിന് ശേഷം താഴെയിറക്കി. ഇരാറ്റുപേട്ട സ്വദേശി പ്രദീപാണ് വീട് വേണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീട് വെച്ച് നൽകാമെന്ന് കിടങ്ങൂർ പഞ്ചായത്ത് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇയാൾ താഴെ ഇറങ്ങിയത്. മൂന്നര മണിക്കൂർ നാട്ടുകാരെയും പോലീസിനെയുമെല്ലാം മുൾമുനയിൽ നിർത്തിയ ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി പ്രദീപ് 400KV ടവറിന് മുകളിൽ നിന്നും താഴെയിറങ്ങിയത്. രാവിലെ എട്ടു മണിയോടെയാണ് കിടങ്ങൂർ കട്ടച്ചിറയിലുള്ള കൂടംകുളം വൈദ്യുതി ലൈനിൽ ഇയാൾ കയറിയത്.
വീട് വെച്ച് നൽകണമെന്നും ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കിടങ്ങൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി. പക്ഷേ താഴെയിറങ്ങാൻ ഇയാൾ തയ്യാറായില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയാലെ താഴെയിറങ്ങു എന്നും പറഞ്ഞു. പിന്നീട് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി വീട് വെച്ച് നല്കാമെന്ന് ഉറപ്പ് നല്കിയതോടെയാണ് ഇയാൾ താഴെയിറങ്ങിയത്. ഇയാളെ താഴെയിറക്കാൻ വേണ്ടി കൂടംകുളം വൈദ്യുതലയിൽ കെഎസ്ഇബി ഓഫ് ചെയ്തിരുന്നു. മുൻപും പ്രദീപ് സമാനമായ രീതിയിൽ ആത്മഹത്യ ബിസ്മി മുഴക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രദീപ് ഇത് നിഷേധിച്ചു.