തൃശൂർ : തൃശൂർ പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാവില്ല. രാമചന്ദ്രൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. പകരം എറണാകുളം ശിവകുമാറാവും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. നെയ്തിലക്കാവ് ക്ഷേത്രഭാരവാഹികൾ ഇത് സംബന്ധിച്ച തീരുമാനം എടുത്തുകഴിഞ്ഞു.
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകുമെന്നും തീരുമാനിച്ചു.
കൊവിഡ് പ്രോട്ടോകോൾ പ്രകാരമാകും തൃശൂർ പൂരത്തിന് പ്രവേശനം. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടകപൂര ക്ഷേത്രങ്ങളുടേയും നിലപാട്. ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോർട്ട് ദേവസ്വങ്ങൾ നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം.