തിരുവനന്തപുരം: പനവൂര്‍ വെള്ളാഞ്ചിറയില്‍ ക്ഷേത്രവാതിലിന് തീയിട്ട് മോഷണശ്രമം. വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.ബുധനാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ കവർച്ചാശ്രമമുണ്ടായത്. ക്ഷേത്രത്തിലെ തന്നെ വിറകുകൾ എടുത്ത് വാതിലിനുമുന്നിൽ തീ കൊളുത്തുകയായിരുന്നു. വാതിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍, വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്ന ദിവസം തന്നെയാണ് മോഷണ ശ്രമവും നടന്നത്. ക്ഷേത്രത്തിനുമുന്നില്‍ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിൽനിന്ന് കണ്ടെത്തി. സമീപകാലത്തായി ക്ഷേത്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം പതിവാണെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു.പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.