പന്തളം : ബൈക്കിലെത്തി മാല പറിക്കുന്നയാൾ പന്തളത്തു സ്വര്യവിഹാരം നടത്തുന്നതു ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു. ഇന്നലെയും ഒരാളുടെ മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. തോന്നല്ലൂർ ഉഷസ് താര വീട്ടിൽ ഉഷാദേവി(65)യുടെ മൂന്നു പവൻ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തു കടന്നത്. രാജവത്സം പമ്പിനു സമീപം വീടിനു മുമ്പിൽ മൂർത്തി അയ്യത്ത്-ചുടലമുക്ക് റോഡിൽ നില്ക്കുകയായിരുന്നു ഉഷാദേവി. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ഇയാൾ മാല പൊട്ടിച്ചെടുത്തത്.
അടുത്തടുത്തു നടന്ന മൂന്നാമത്തെ സംഭവമാണ് ഇന്നലത്തേത്. കഴിഞ്ഞ വ്യാഴാഴ്ച പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ പാർട്ട് ടൈം ജീവനക്കാരി കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണി(54) യുടെ മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 3.45ഓടെ ജോലി കഴിഞ്ഞ് എൻഎസ്എസ് കോളേജിന് സമീപത്തുള്ള പട്ടിരേത്ത് റോഡിലൂടെ സഹോദരി ശാന്തമ്മയ്ക്കൊപ്പം പോകുമ്പോഴാണ് എതിർദിശയിൽ നിന്നു ഹെൽമെറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തത്.
ദിവസങ്ങൾക്കു മുമ്പ് തോന്നല്ലൂർ ദേവീക്ഷേത്ര കാണിക്കവഞ്ചിക്കു സമീപത്തും ഇതേ പോലെ മാല കവരാൻ ശ്രമം നടന്നിരുന്നു. വഞ്ചിക്കു സമീപമുള്ള റോഡിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ അധ്യാപികയുടെ മാലയാണു പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയത്. എം.സി.റോഡിൽ നിന്നു പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അദ്ധ്യാപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണു മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരുക്കേറ്റു. മൂന്നു കേസുകളിലും എസ്.ഐ.ബി.എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.