തൃശൂര്‍: തൃശൂരില്‍ മരണവീട്ടില്‍ സഹായത്തിനായി എത്തി മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി (43)യാണ് അറസ്റ്റിലായത്. മരണ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതി മോഷ്ടിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വടക്കേക്കാട് പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് സംഭവം.
ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. പത്മനാഭന് അസുഖമായി ആശുപത്രിയില്‍ പോകുന്നതിനിടെ അടുക്കളയിലെ സ്ലാബിന് മുകളില്‍ പാത്രത്തിനകത്ത് സൂക്ഷിച്ചിരുന്നതായിരുന്നു മാല. പിന്നീട് പത്മനാഭന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റും വന്നതായിരുന്നു പ്രതി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാല വച്ചിരുന്ന സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.