മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചുങ്കപ്പാറ – കോട്ടാങ്ങൽ റോഡിലും ചാലിപ്പള്ളി റോഡിലും നിരവധി സ്ഥലങ്ങളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. ആൾ താമസമില്ലാത്ത വിടുകളിലെ കിണറിന് സമീപം സ്ഥാപിച്ചിരിക്കുന്ന മോട്ടറുകൾ, വീടുകളിലും ഗ്രാമീണ റോഡുകളുടെ വശങ്ങളിലും പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവായിരിക്കുകയാണ്. പ്രദേശങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും സജീവമാണ്. മണിമല – കോട്ടാങ്ങൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ പുല്ലാന്നിപ്പാറ, കൂർക്കടവ്, ആല പ്രക്കാട്, വഞ്ചികപ്പാറ, പൊന്തൻപുഴ റോഡിൽ പഴയ തീയേറ്റർ ജങ്ഷൻ, പുളിക്കൻ പാറ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന പൊടിപൊടിക്കുകയാണ്.
പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ വൈകുന്നേരങ്ങളിൽ വന്‍ തിരക്കാണ് അനുഭപ്പെടുന്നത്. റോഡിൽ അസഭ്യം പറഞ്ഞ് യാത്രക്കാരെ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. എന്നാൽ പൊലിസ്, എക്സൈസ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വികരിക്കുന്നത്. പ്രദേശങ്ങളിൽ മോഷണം ദിനംപ്രതി വർധിച്ചിട്ടും അധികാരികൾ ഉറക്കത്തിലാണ്. പരാതി നൽകുകയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാപാര കേന്ദ്രങ്ങളും ആൾത്താമസമില്ലാത്ത വീടുകളും കേന്ദ്രികരിച്ച് മോഷണം പതിവായതോടെ ആശങ്കയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.